വൃത്താകൃതിയിലുള്ള തുറമുഖം; റാസൽഖൈമയിൽ പുതിയ മറീന

റാസല്‍ഖൈമ: എമിറേറ്റിലെ വിന്‍ അല്‍ മര്‍ജാന്‍ ഐലന്‍റില്‍ 98 ബെര്‍ത്തുകളുമായി വൃത്താകൃതിയിലുള്ള തുറമുഖ പദ്ധതി അവതരിപ്പിച്ച് അധികൃതര്‍. യു.എ.ഇയിലെ ഹോട്ടലുകളോട് അനുബന്ധിച്ചുള്ള മറീനകളില്‍ ഏറ്റവും കൂടുതല്‍ യാച്ചുകള്‍ക്കും വലിപ്പമേറിയ കപ്പലുകള്‍ക്കും സൗകര്യമൊരുക്കുന്ന മറീനകളിലൊന്നായി ഇത് മാറും. ആഗോള ശ്രദ്ധ നേടിയ റാസല്‍ഖൈമയിലെ സുപ്രധാന പദ്ധതിയായ ലാസ് വെഗാസ് ആസ്ഥാനമായ വിന്‍ റിസോര്‍ട്ട്സിന്‍റെ വിന്‍ അല്‍ മര്‍ജാനിലേക്കുള്ള പ്രധാന കവാടമാണ് ഈ വാട്ടര്‍ഫ്രണ്ട് സൗകര്യം. കടല്‍മാര്‍ഗം എത്തുന്ന അതിഥികള്‍ക്ക് റിസോര്‍ട്ടിലെ ഇഷ്ട കേന്ദ്രങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ ഇതിലൂടെ കഴിയും.

വിന്‍ അല്‍ മര്‍ജാന്‍ ഐലന്‍റിന്‍റെ നേരിട്ടുള്ള വിപുലീകരണമായാണ് വിന്‍ മറീന വിഭാവനം ചെയ്തിരിക്കുന്നതെന്ന് വിന്‍ അല്‍മര്‍ജാന്‍ ഐലന്‍റ് പ്രസിഡന്‍റ് മാക്സ് ടാപ്പീനര്‍ പറഞ്ഞു. 85 മീറ്റര്‍ വരെ നീളമുള്ള സൂപ്പര്‍-മെഗാ യാച്ചുകള്‍ക്ക് ഇവിടെ നങ്കൂരമിടാന്‍ കഴിയും. മറീനയുടെ പരമാവധി ആഴം അഞ്ച് മീറ്ററായിരിക്കും. കടലിലെ അനുഭവങ്ങളില്‍നിന്ന് ഡൈനിങ്, വിനോദം, താമസം, വാട്ടര്‍ഫ്രണ്ട് സൗകര്യങ്ങള്‍ തുടങ്ങി റിസോര്‍ട്ടിലെ വ്യത്യസ്ത സൗകര്യങ്ങളിലേക്ക് അതിഥികള്‍ക്ക് എളുപ്പത്തിലെത്താന്‍ കഴിയും. മറീനയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള തുറമുഖം റിസോര്‍ട്ടിന്‍റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്നാകും. മറീന സെല്യൂഷന്‍സ് ഇന്‍റര്‍നാഷനലാണ് അറേബ്യന്‍ ഗള്‍ഫിലെ സൂര്യാസ്തമയ കാഴ്ചകള്‍ ലഭിക്കുന്ന രീതിയില്‍ തുറമുഖം രൂപകൽപന ചെയ്തിരിക്കുന്നത്.

സംരക്ഷിതമായ വൃത്താകൃതിയിലുള്ള ബേസിനുള്ളില്‍ റേഡിയല്‍ രീതിയിലാണ് ബെര്‍ത്തുകള്‍ ക്രമീകരിക്കുക. യാച്ച് ഉടമകള്‍ക്കും ചാര്‍ട്ടര്‍ അതിഥികള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും ജീവനക്കാര്‍ക്കും റിസോര്‍ട്ടിലെ സേവനങ്ങള്‍ ലഭ്യമാക്കും. കാപ്പിറ്റൈനീറിയ എന്നറിയപ്പെടുന്ന കേന്ദ്ര സൗകര്യം മറീനയുടെ പ്രവേശനകേന്ദ്രവും പ്രവര്‍ത്തന ഹബ്ബുമാകും.

മറീന പ്രവര്‍ത്തനങ്ങള്‍, അതിഥി സേവനങ്ങള്‍, ക്യാപ്റ്റന്‍-ക്രൂ സേവനങ്ങള്‍ എന്നിവ ഇവിടെ ഏകോപിപ്പിക്കും. യാച്ചില്‍വെച്ചു തന്നെ ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. വിന്‍ അല്‍ മര്‍ജാന്‍ ഐലന്‍റിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മറീന ഒരു വാട്ടര്‍ഫ്രണ്ട് വിനോദ കേന്ദ്രമായും പ്രവര്‍ത്തിക്കും. തുറമുഖത്തിനരികിലെ ഡൈനിങ്-നടപ്പാത സൗകര്യങ്ങള്‍ ഇതിന്‍റെ ഭാഗമായിരിക്കും.

മറീനയെ റിസോര്‍ട്ടിലെ മറീന ആൻഡ് ഓഷ്യൻ എസ്റ്റേറ്റ്സിനോട് സംയോജിപ്പിച്ച് താമസസൗകര്യങ്ങളും യാച്ചുകളും മറ്റ് റിസോര്‍ട്ട് സൗകര്യങ്ങളും ജലത്തിനരികില്‍ ഒരുമിക്കുന്ന രീതിയിലായിരിക്കും വികസനം. വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കും അറേബ്യന്‍ ഗള്‍ഫിനെ അഭിമുഖീകരിച്ച് വിനോദ പരിപാടികള്‍ക്കും വാട്ടര്‍ഫ്രണ്ട് ഉപയോഗിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Ras Al Khaimah Luxury Marina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.