ദുബൈയിൽ പുതിയ വിദ്യാഭ്യാസ മാതൃകകൾ നടപ്പാക്കും; ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും

ദുബൈ: പരമ്പരാഗത രീതിയിലുള്ള പഴയ സ്കൂൾ മാതൃകകളിലല്ല ഭാവി തലമുറയിലെ കുട്ടികൾ പഠിക്കേണ്ടതെന്നും വിദ്യാഭ്യാസ രംഗത്ത് നൂതന മാറ്റങ്ങൾ കൊണ്ടുവരണമെന്നും ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും നിർദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദുബൈയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) തീരുമാനിച്ചതായി ഡയറക്ടർ ജനറൽ ആയിഷ മിറാൻ വ്യക്തമാക്കി.

ഇതിന്‍റെ ഭാഗമായി പുതിയ സ്കൂൾ മോഡലുകൾക്ക് അനുമതി നൽകുന്നതിനായുള്ള ലൈസൻസിങ് നയത്തിന് അതോറിറ്റി അംഗീകാരം നൽകി. എ.ഐ അധിഷ്ഠിതമായി വ്യക്തിഗത പഠനം സാധ്യമാക്കുന്ന ‘ആൽഫ മോഡൽ’ ഉൾപ്പെടെയുള്ള ഏതാനും പുതിയ വിദ്യാഭ്യാസ രീതികൾ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷ, ഉയർന്ന പഠനനിലവാരം, മാനസികക്ഷേമം എന്നിവ ഉറപ്പാക്കിക്കൊണ്ടാണ് ഈ പരീക്ഷണങ്ങൾ നടത്തുന്നത്. ഈ അധ്യയന വർഷത്തിൽ ഏഴ് പുതിയ സ്കൂളുകൾ തുറന്നിട്ടുണ്ടെന്നും വരും വർഷങ്ങളിലേക്ക് 11 അപേക്ഷകൾ പരിഗണനയിലുണ്ടെന്നും കെ.എച്ച്.ഡി.എ അറിയിച്ചു.

വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനൊപ്പം മികച്ച അധ്യാപകരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി പ്രത്യേക ‘അധ്യാപക ക്ഷേമ തന്ത്രം’ കെ.എച്ച്.ഡി.എ തയാറാക്കുന്നുണ്ട്. അധ്യാപകരുടെ നിയമനം മുതൽ തുടർന്നുള്ള തൊഴിൽ ജീവിതം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഇതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കും. തുടർച്ചയായ പ്രൊഫഷനൽ വികസനം, കൃത്യമായ അംഗീകാരം, തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവ ഇതിലൂടെ അധ്യാപകർക്ക് ഉറപ്പാക്കും.

അധ്യയന വർഷത്തിന്‍റെ ഇടയിൽ അധ്യാപകർ ജോലി രാജിവെച്ച് പോകുന്നത് വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നത് തടയാൻ പുതിയ നയം രൂപീകരിക്കും. അധ്യയന സെമസ്റ്ററുകൾക്കിടയിൽ അധ്യാപകർ മാറുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ, ഈ സമയങ്ങളിലെ രാജി നിരുത്സാഹപ്പെടുത്താനാണ് കെ.എച്ച്.ഡി.എ ലക്ഷ്യമിടുന്നത്.

വിദ്യാർഥികൾ സ്കൂളുകളിലേക്കുള്ള ദീർഘ യാത്രകൾ ഒഴിവാക്കാൻ സഹായിക്കുന്ന പുതിയ എഡ്യൂക്കേഷൻ മാസ്റ്റർ പ്ലാനും ദുബൈ നടപ്പാക്കും. കുടുംബങ്ങൾക്ക് തങ്ങൾക്ക് ആവശ്യമുള്ള കരിക്കുലവും ഫീസ് ഘടനയുമുള്ള സ്കൂളുകളിൽ ചേരുന്നതിനായി 45 മിനിറ്റോ ഒരു മണിക്കൂറോ യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

Tags:    
News Summary - New School Models in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.