വിമാനത്താവളം വഴി ലഹരിക്കടത്ത്; യു.എ.ഇയിൽ 300 കിലോ ലഹരി പിടികൂടി
അബൂദബി: വിമാനത്താവളങ്ങളിലെ ട്രാന്‍സിറ്റ് കേന്ദ്രങ്ങള്‍ വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 300 കിലോഗ്രാമിലധികം ലഹരിമരുന്നുകള്‍ യു.എ.ഇ അധികൃതര്‍ പിടികൂടി. രണ്ട് മാസത്തിനിടെ നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് 14 ലഹരിമരുന്ന് കടത്ത് ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തിയത്. നാഷനല്‍ ആന്‍റി നാര്‍ക്കോട്ടിക്‌സ് ഏജന്‍സിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് ഈ ഓപറേഷനുകള്‍ നടത്തിയത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച വിവിധ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യക്കാരെ പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ദേശീയ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനവും അന്താരാഷ്ട്ര പങ്കാളികളുമായുള്ള രഹസ്യാന്വേഷണ വിവര കൈമാറ്റവും മെച്ചപ്പെട്ട ഫീല്‍ഡ് പരിശോധനാ സംവിധാനങ്ങളുമാണ് ഈ വിജയത്തിന് കാരണം.
വിമാനങ്ങളും ചരക്കുകളും യു.എ.ഇ വിമാനത്താവളങ്ങളില്‍ എത്തുന്നതിന് മുമ്പുതന്നെ സംശയാസ്പദമായ ചരക്കുകളെയും യാത്രാമാർഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിലൂടെ ഇവ മുന്‍കൂട്ടി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിച്ചു. ഈ മുന്‍കരുതല്‍ സമീപനം വഴി ചരക്ക് കടത്തിന്‍റെ തുടക്കം മുതല്‍ നിരീക്ഷിക്കാനും, രാജ്യത്തിന് ഉള്ളിലൂടെ ലഹരിമരുന്ന് കടത്താന്‍ ഉപയോഗിക്കുന്നതിന് മുമ്പ് അവ തടയാനും അധികൃതര്‍ക്ക് കഴിഞ്ഞു. ലഗേജുകളിലും ട്രാന്‍സിറ്റ് ചരക്കുകളിലും ഒളിപ്പിച്ചിരിക്കുന്ന സംശയാസ്പദമായ വസ്തുക്കൾ കൃത്യതയോടെയും വേഗത്തിലും കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഡിറ്റക്ഷന്‍ സിസ്റ്റങ്ങളും സ്മാര്‍ട്ട് സ്‌ക്രീനിങ് സാങ്കേതികവിദ്യകളുമാണ് രാജ്യത്ത് ഉപയോഗിക്കുന്നതെന്ന് യു.എ.ഇ കസ്റ്റംസ് അറിയിച്ചു. നൂതന സെന്‍സിങ് സാങ്കേതികവിദ്യകള്‍ കാരണം ലഗേജുകളോ ചരക്കുകളോ നേരിട്ട് തുറക്കാതെ തന്നെ പരിശോധനകള്‍ നടത്താന്‍ സാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.