എസ്.ഐ.ആര്‍ കേസില്‍ കക്ഷി ചേരുമെന്ന്​ വേള്‍ഡ് കെ.എം.സി.സി

ദുബൈ: പ്രവാസി വോട്ടു വിഷയത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാവണമെന്നും എസ്.ഐ.ആര്‍ കേസില്‍ കക്ഷി ചേരുമെന്നും വേള്‍ഡ് കെ.എം.സി.സി പ്രസ്താവനയിൽ അറിയിച്ചു. പ്രവാസി ഇന്ത്യക്കാരുടെ വിദേശത്ത് ജനിച്ച മക്കൾ എസ്‌.ഐ.ആർ രജിസ്റ്ററിൽ പേര് ചേർക്കുന്നതില്‍ നേരിടുന്ന സാങ്കേതികവും ഭരണപരവുമായ പ്രതിസന്ധി അപരിഹൃതമായി തുടരുകയാണ്. നിലവിൽ എസ്‌.ഐ.ആർ അപേക്ഷാ ഫോം 6 എയില്‍ ബന്ധുവിന്റെ എപിക് നമ്പർ ചേർക്കാനോ ബൂത്ത് നമ്പർ നൽകാനോ അവസരമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ജന്മസ്ഥലം രേഖപ്പെടുത്തുന്നതിനായി ഇന്ത്യക്കുള്ളിലെ സ്ഥലങ്ങൾ മാത്രം തെരഞ്ഞെടുക്കാൻ കഴിയുന്ന ഒപ്ഷനാണ് നൽകിയിട്ടുള്ളത്. ഈ നമ്പർ ചേർക്കാത്തതു കൊണ്ടു തന്നെ ഇ.ആർ.ഒമാർക്ക് അപേക്ഷകൾ തരംതിരിച്ച് ബി.എൽ.ഒമാർക്ക് നൽകാൻ കഴിയുന്നില്ല. ഫോം സിക്‌സിൽ ബന്ധുവിന്റെ എപിക് നമ്പർ രേഖപ്പെടുത്താനുള്ള അവസരമുണ്ട്. അത് ഫോം സിക്‌സ് എയിലും ഉൾപ്പെടുത്തിയാൽ പ്രതിസന്ധി മറികടക്കാനാകും.

കൂടാതെ വിദേശത്ത് ജനിച്ച പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്ക് അവരുടെ യഥാർത്ഥ ജന്മസ്ഥലം രേഖപ്പെടുത്താൻ സാധിക്കാത്ത സാഹചര്യവും ഉണ്ട്. അതിനാൽ തന്നെ ബൂത്തുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. ജന്മസ്ഥലം ചേർക്കാതെ ഫോം പൂരിപ്പിക്കൽ പൂർത്തിയാക്കാനും കഴിയാത്തതിനാൽ, ആയിരക്കണക്കിന് അർഹരായ ഇന്ത്യൻ പൗരന്മാർ രജിസ്ട്രേഷൻ നടപടികളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ വിഷയത്തിൽ പ്രവാസി ഇന്ത്യക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മുസ്​ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു -വേള്‍ഡ് കെ.എം .സി.സി പ്രസ്താവനയിൽ പറഞ്ഞു.

അവസാന നിമിഷം പ്രവാസി വോട്ടർമാർമാരോട് ഡിക്ലറേഷൻ സമർപ്പിക്കാൻ ആവശ്യപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കു ന്നുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്റെ സൈറ്റില്‍ എസ്‌.ഐ.ആർ ഫോമിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി, വിദേശ ജന്മസ്ഥലം രേഖപ്പെടുത്താൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മിഷനും വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാനും ഖജാഞ്ചി യു.എ നസീറും സമര്‍പ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - World KMCC says it will join SIR case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.