കുട്ടികളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് അബൂദബി

അബൂദബി: കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പഠനങ്ങളിലും ഗവേഷണങ്ങളിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കൃത്യമായ പങ്കാളിത്തം ഉറപ്പാക്കാനുമായി അബൂദബി ശിശുക്ഷേമ അതോറിറ്റി (ഇ.സി.എ.) നടപ്പാക്കിയ മൂന്ന് വര്‍ഷത്തെ അന്താരാഷ്ട്ര ഗവേഷണ പദ്ധതി വിജയകരമായി പൂര്‍ത്തിയായി. 'ചൈല്‍ഡ് അസെന്റ് പ്രോജക്ട്' എന്ന് പേരിട്ട ആഗോള പദ്ധതി, ഗവേഷണങ്ങളില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള അഭിപ്രായങ്ങളും അനുമതിയും തേടുന്നതിനും അവരുടെ ശബ്ദം കൃത്യമായി കേള്‍ക്കുന്നതിനുമുള്ള ആദ്യകാല സംരംഭങ്ങളില്‍ ഒന്നാണ്. കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഇത്തരം പഠനങ്ങള്‍ക്ക് ആവശ്യമായ പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങളും ഉപകരണങ്ങളും വികസിപ്പിച്ചെടുക്കാന്‍ ഇതിലൂടെ അതോറിറ്റിക്ക് സാധിച്ചിട്ടുണ്ട്.

പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി അതോറിറ്റിയുടെ റിസര്‍ച്ച് ഗ്രാന്റ്‌സ് പ്രോഗ്രാമിന് കീഴില്‍ ഇരുപതിലധികം ഗവേഷകരെ പങ്കെടുപ്പിച്ച്​ ശില്‍പ്പശാലസംഘടിപ്പിച്ചു. ശിശുവികസനവുമായി ബന്ധപ്പെട്ട അഞ്ച് പ്രമുഖ പദ്ധതികളെ പിന്തുണക്കുന്ന 2026ലെ റിസര്‍ച്ച് ഗ്രാന്റ്‌സ് സൈക്കിളിന്റെ ഭാഗമായാണ് ശില്‍പ്പശാല നടന്നത്. സാമ്പത്തിക സഹായം നല്‍കുന്നതിലുപരി അറിവ് വികസിപ്പിക്കാനും ഗവേഷകരുടെ കഴിവുകള്‍ വർധിപ്പിക്കാനും ലക്ഷ്യമിടുന്ന സംയോജിത സംവിധാനമായാണ് റിസര്‍ച്ച് ഗ്രാന്റുകളെ അതോറിറ്റി കാണുന്നതെന്ന് ഇ.സി.എ. റിസര്‍ച്ച് ആന്‍ഡ് നോളജ് സൊല്യൂഷന്‍സ് ഡയറക്ടര്‍ സാലിഹ അല്‍ ആസ്രി വ്യക്തമാക്കി.

അബൂദബിയില്‍ ദീര്‍ഘകാലമായി നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. വിദ്യാഭ്യാസത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുക, കുട്ടികളുടെ സ്വത്വം രൂപപ്പെടുത്തുന്നതില്‍ ഇമാറാത്തി സംസ്‌കാരത്തിന്റെ പങ്ക്, കുട്ടികളുടെ അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ എ.​ഐയും വിവിധ മേഖലകള്‍ സമന്വയിപ്പിച്ചുള്ള ഗവേഷണ രീതികളും ഉപയോഗിക്കുക, കുടുംബങ്ങളും സ്‌കൂളുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിലാണ് ഈ വര്‍ഷത്തെ ഗവേഷണ ഗ്രാന്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​.

ആരംഭിച്ചതുമുതല്‍ ഡസന്‍ കണക്കിന് ഗവേഷണ പ്രോജക്ടുകളെ പിന്തുണച്ച റിസര്‍ച്ച് ഗ്രാന്റ്‌സ് പ്രോഗ്രാം നിരവധി ശാസ്ത്രീയ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുകയും നൂറിലധികം യുവ ഇമാറാത്തി ഗവേഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ഭാവി പഠനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ഈ ശില്‍പ്പശാലയിലൂടെ ലഭിച്ച അറിവുകള്‍ സഹായിക്കുമെന്ന് യു.എ.ഇ യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഖാസിം അബ്ദുല്ല പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ഗവേഷണങ്ങളുടെ ഗുണനിലവാരവും സമൂഹത്തിന് അതുണ്ടാക്കുന്ന ഗുണഫലങ്ങളും വര്‍ധിപ്പിക്കുമെന്നും യു.എ.ഇ.യു. മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് കോളേജിലെ ഫാമിലി മെഡിസിന്‍ വിഭാഗം മേധാവി ഡോ. നാദിറ ഗാനിമി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Abu Dhabi sets standards for research involving children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.