ലോകകപ്പ്​: വിമാനത്താവളങ്ങളിൽ ഇന്നുമുതൽ തിരക്കേറും

ദുബൈ: ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാകുന്നതോടെ ദുബൈ അടക്കം യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ തിരക്കേറും. വിവിധ രാജ്യങ്ങളിൽനിന്നുള്ള കളിയാരാധകർ നിലവിൽ യു.എ.ഇയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഖത്തറിലേക്ക് പോകുന്നവരും സാധാരണ യാത്രക്കാരും വിമാനത്താവളങ്ങളിൽ എത്തുന്നതോടെ വൻ തിരക്കായിരിക്കും അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ യാത്രക്കാർ മൂന്നു മണിക്കൂർ മുമ്പ് എത്തിച്ചേരണമെന്ന് എമിറേറ്റ്സ് എയർലൈൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെക്ക്-ഇൻ പൂർത്തിയാക്കാൻ വിവിധ ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

യു.എ.ഇയിൽ ദേശീയദിനത്തിന്‍റെ ഭാഗമായി നാലുദിവസം അവധി ലഭിക്കുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച വീണ്ടും തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. അവധി ദിനങ്ങൾ ഉപയോഗപ്പെടുത്താൻ നാട്ടിലേക്ക് പോകുന്നവരും മറ്റുമായി യാത്രക്കാർ വർധിക്കും. ഇതോടൊപ്പം പൊതുവെ വർഷത്തിൽ തിരക്കേറിയ സീസൺ ഡിസംബറിൽ വരാനിരിക്കുന്നതും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കും.

അതേസമയം, ലോകകപ്പിനായി ഖത്തറിലേക്ക് നടത്തുന്ന ഷട്ടിൽ സർവിസുകളിൽ ഭൂരിപക്ഷവും പുറപ്പെടുന്നത് ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽനിന്നാക്കിയത് ദുബൈ വിമാനത്താവളത്തിൽ തിരക്ക് നിയന്ത്രണവിധേയമാകാൻ സഹായിക്കും. ദിവസവും 120 ഷട്ടിൽ സർവിസുകളാണ് സെൻട്രലിൽനിന്ന് ദോഹയിലേക്കും തിരിച്ചും നടത്തുക. ഫ്ലൈ ദുബൈ, ഖത്തർ എയർവേസ് എന്നിവയാണ് ഷട്ടിൽ സർവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു സർവിസുകളിൽനിന്ന് വ്യത്യസ്തമായി നിരക്ക് കുറവാണ് ഷട്ടിൽ സർവിസിന്. എന്നാൽ, ഖത്തറിലെത്തി മത്സരം കണ്ട് 24 മണിക്കൂറിനുള്ളിൽ തിരിച്ചുവരുന്ന രീതിയിലായിരിക്കണം ഈ സർവിസിൽ ടിക്കറ്റെടുക്കേണ്ടത്. ഷട്ടിൽ സർവിസിനുപുറമെ ചാർട്ടേഡ് വിമാനങ്ങൾ സർവിസ് നടത്താനും പദ്ധതിയുണ്ട്. ഇതോടെ, വേൾഡ് സെൻട്രലിലെ തിരക്കും മൂന്നിരട്ടിയായി വർധിക്കും. 60ഓളം ചെക്ക് ഇൻ കൗണ്ടറുകളും 21 ബോർഡിങ് ഗേറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. 60 പാസ്പോർട്ട് കൺട്രോൾ കൗണ്ടറും 10 സ്മാർട്ട് ഗേറ്റുമുണ്ട്.

അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് ലോകകപ്പിനായി പ്രത്യേക സർവിസുകളുണ്ട്. ഇവിടങ്ങളിലും തിരക്ക് സാധാരണയിലും വർധിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വിമാനയാത്ര ചെയ്യുന്നവർ മൂന്നു മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേർന്നില്ലെങ്കിൽ പ്രയാസപ്പെടുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.