ദുബൈ: 27 വർഷത്തെ ചരിത്രത്തിലാദ്യമായി ദുബൈ ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡിന് സ്ത്രീകൾക്ക് മത്സരിക്കാൻ അവസരം തുറന്നു.കഴിഞ്ഞ വർഷങ്ങളിൽ 91 രാജ്യങ്ങളിൽനിന്നുള്ള 2,107 മത്സരാർഥികൾ പങ്കെടുത്ത പ്രശസ്തമായ മത്സരത്തിൽ, ഇനി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വയം നാമനിർദേശം സമർപ്പിക്കാനും അനുമതിയുണ്ടാകും. ഔദ്യോഗികമായി ഓരോ രാജ്യത്തിന്റെയും നാമനിർദേശം ഇതോടെ ആവശ്യമില്ലാതാകും. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.
10 ലക്ഷം ഡോളർ ഒന്നാം സമ്മാനത്തുക ഉൾപ്പെടെ 1.2 കോടി ദിർഹമിന്റെ ആകെ സമ്മാനത്തുക വിജയികൾക്ക് നൽകും. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഓരോരുത്തർക്കും 10 ലക്ഷം ഡോളറും രണ്ടാം സ്ഥാനക്കാർക്ക് ലക്ഷം ഡോളറും മൂന്നാം സ്ഥാനത്തിന് 50,000 ഡോളറുമാണ് ലഭിക്കുക.
ഒരു വ്യക്തിക്കോ സംഘടനക്കോ ലഭിക്കുന്ന ഇസ്ലാമിക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ അവാർഡിന് 10 ലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും.പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ സമയത്ത് 16 വയസ്സിന് താഴെയായിരിക്കണം. കൂടാതെ ഖുർആൻ മനഃപാഠമാക്കിയിരിക്കണം. ഫൈനലിൽ എത്തിയവരോ മുൻ പതിപ്പുകളിൽ ആദരിക്കപ്പെട്ടവരോ വീണ്ടും മത്സരിക്കാൻ പാടില്ല.
മത്സരത്തിന് മൂന്നു ഘട്ടങ്ങളായുള്ള മൂല്യനിർണയ പ്രക്രിയയാണുണ്ടാവുക. പ്രാരംഭഘട്ടത്തിൽ അവാർഡ് വെബ്സൈറ്റിൽ സമർപ്പിക്കുന്ന വിഡിയോ വിലയിരുത്തും. രണ്ടാം ഘട്ടത്തിൽ യോഗ്യത നേടിയവരെ റിമോട്ട് ടെസ്റ്റിങ് നടത്തും. ഇതിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ അവസാന ഘട്ടത്തിൽ റമദാനിലെ രണ്ടാം ആഴ്ചയിൽ നേരിട്ടുള്ള വിലയിരുത്തലിനായി ദുബൈയിലേക്ക് കൊണ്ടുവരും. ഇവരിൽനിന്നാണ് അവസാന വിജയിയെ തെരഞ്ഞെടുക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 2025 മേയ് 21 മുതൽ ജൂലൈ 20 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.