ദുബൈ: അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ച യുവതി മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. സംഭവം കേസായതോടെ പിഴയടക്കാനും നാടുകടത്താനും കോടതി വിധിച്ചു.
27കാരിയായ അറബ് യുവതിക്കെതിരെയാണ് കേസ് ചുമത്തിയത്. അപ്പാർട്ട്മെന്റിനകത്ത് അകപ്പെട്ടതായി ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. അടിയന്തരമായി മെഡിക്കൽ സഹായം വേണമെന്ന ആവശ്യം പരിഗണിച്ച് അധികൃതർ വാതിൽ തള്ളിത്തുറന്നപ്പോൾ യുവതിയെ സമനിലതെറ്റിയ രൂപത്തിൽ കണ്ടെത്തുകയായിരുന്നു.
മദ്യത്തിന്‍റെ ഗന്ധം അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നില്ലെങ്കിലും അധികൃതർക്ക് സംശയം തോന്നി. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും തുടർന്ന് മൂത്ര പരിശോധന നടത്തുകയുമായിരുന്നു. ദുബൈ പൊലീസിന്‍റെ ഫോറൻസിക് വകുപ്പിന്‍റെ പരിശോധനയിൽ യു.എ.ഇയിൽ നിയന്ത്രണമുള്ള വിഭാഗത്തിൽപെട്ട മയക്കുമരുന്ന് ശരീരത്തിൽ സ്ഥിരീകരിച്ചു.
മയക്കുമരുന്ന് ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും ചെയ്തു. ആദ്യമായാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നും അതിനുശേഷമുണ്ടായ സംഭവങ്ങൾ ഓർമയില്ലെന്നുമാണ് ഇവർ മൊഴി നൽകിയിരുന്നത്.
ക്രിമിനൽ കോടതിയിലെത്തിയ കേസിൽ മയക്കുമരുന്ന് ഉപയോഗത്തിന് 5,000 ദിർഹം പിഴ അടയ്ക്കാൻ കോടതി വിധിക്കുകയായിരുന്നു. എന്നാൽ പ്രോസിക്യൂഷൻ അപ്പീലിൽ കൂടുതൽ ശക്തമായ ശിക്ഷാ നടപടിക്ക് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അപ്പീൽ കോടതി പിഴ നിലനിർത്തിയതിനൊപ്പം നാടുകടത്തലും കൂടി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.