ഇന്‍സ്റ്റ ഗ്രാമില്‍ മോശം പരാമര്‍ശം: വിമാനത്താവളത്തിൽ പുലിവാല് പിടിച്ച് യുവതി

അജ്മാന്‍: ഇൻസ്റ്റഗ്രാമിലെ മോശം പരാമർശം മൂലം വിമാനത്താവളത്തിൽ പുലിവാല് പിടിച്ച് യാത്രക്കാരി. മറ്റൊരു യുവതി പോസ്റ്റ് ചെയ്ത ആഡംബര ഹാൻബാഗിന്‍റെ ചിത്രത്തിന് താഴേ വ്യാജമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ യുവതിയെ അജ്മാൻ പൊലീസ് വിമാനത്താവളത്തിൽവെച്ച് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് യാത്ര മുടങ്ങി.

ഹാൻഡ് ബാഗിന്‍റെ ചിത്രം പങ്കുവെച്ച സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഭര്‍ത്താവിനും കുട്ടികൾക്കുമൊപ്പമായിരുന്നു ഇവരുടെ യാത്ര. എന്നാൽ, ഭര്‍ത്താവിനെയും കുട്ടികളെയും യാത്ര ചെയ്യാന്‍ അനുവദിച്ച അധികൃതര്‍ യുവതിയെ അജ്മാന്‍ പൊലീസിന് കൈമാറുകയായിരുന്നു. അജ്മാൻ പൊലീസിലെ സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്‍റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് സംഭവം പുറത്തുവിട്ടത്.

ഇത്തരം കേസുകളിൽ സ്റ്റേഷൻ ജാമ്യം നൽകുകയോ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയോ ചെയ്യാം. എന്നാൽ, രണ്ട് കക്ഷികളുമായി നടത്തിയ അനുരഞ്ജന ചർച്ചക്കൊടുവിൽ കേസ് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലെ അനാവശ്യ കമന്‍റുകൾ നിയമപരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് കേണൽ അൽ സുവൈദി പറഞ്ഞു. പരാതി പിൻവലിച്ചിരുന്നില്ലെങ്കിൽ സൈബർ കുറ്റകൃത്യ നിയമപ്രകാരം 250,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷയോ അല്ലെങ്കിൽ രണ്ട് ശിക്ഷകളിൽ ഒന്നോ നേരിടേണ്ടി വരുമായിരുന്നു.

ഓൺലൈൻ ദുരുപയോഗം, അപകീർത്തിപ്പെടുത്തൽ, ദോഷകരമായ ഇലക്ട്രോണിക് ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയിലെ തമാശകളായോ സാധാരണ അഭിപ്രായങ്ങളായോ ആയി കാണുന്ന കമന്‍റുകള്‍ മറ്റൊരാളുടെ പ്രശസ്തിക്ക് കോട്ടം വരുത്തുകയോ ഉപദ്രവം പ്രോത്സാഹിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ പരാതികളായി മാറുമെന്ന് ഈ കേസ് ഓർമിപ്പിക്കുന്നു.

നിയമ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും നൂലാമാലകള്‍ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സീറോ ബ്യൂറോക്രസി സംരംഭത്തിന് കീഴിൽ അജ്മാൻ പൊലീസ് ‘റിമോട്ട് ബെയിൽ’ സേവനവും അവതരിപ്പിച്ചിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ ഇതിലൂടെ ഇലക്ട്രോണിക് ജാമ്യം അനുവദിക്കും. യു.എ.ഇ പാസ് ഉപയോഗിച്ച് ആപ്പ് വഴി ഒരു ഗ്യാരണ്ടർക്ക് ജാമ്യ നടപടിക്രമങ്ങൾ ഓണ്‍ലൈനായി പൂർത്തിയാക്കാം. 

Tags:    
News Summary - Woman caught by leopard at airport after inappropriate comment on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.