ദേശീയ സേവനത്തിൽനിന്ന് ഒഴിവാകാൻ ക്രമക്കേട് നടത്തിയ മിലിട്ടറി ജീവനക്കാർക്കെതിരെ നിയമനടപടി
അബൂദബി: രാജ്യത്തെ ദേശീയ-റിസർവ് സൈനിക സേവന നടപടികളിൽ തിരിമറി നടത്താൻ സഹായിക്കുകയും തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത ഒരു കൂട്ടം സൈനിക ജീവനക്കാരെയും റിക്രൂട്ടുകളെയും യു.എ.ഇ മിലിറ്ററി ജുഡീഷ്യറിക്ക് മുമ്പാകെ വിചാരണക്കായി കൈമാറി. ഉദ്യോഗസ്ഥരിൽനിന്നും അർഹതയില്ലാത്ത ഇളവുകൾ സമ്പാദിക്കുക, ഔദ്യോഗിക രേഖകളിലും ഡാറ്റകളിലും മെഡിക്കൽ റിപ്പോർട്ടുകളിലും കൃത്രിമത്വം കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് മിലിറ്ററി അറ്റോർണി ജനറൽ അറിയിച്ചു. സൈനിക സേവന നടപടികളിൽ അഴിമതിയോ നിയമലംഘനമോ നടത്തുന്ന എല്ലാവരും കർശന നടപടി നേരിടേണ്ടിവരുമെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
2014ലെ ഫെഡറൽ നിയമം നമ്പർ 6 പ്രകാരം ആരോഗ്യവാന്മാരായ എല്ലാ യു.എ.ഇ ആൺകുട്ടികൾക്കും സൈനിക സേവനം നിർബന്ധമാണ്. സ്ത്രീകൾക്ക് ഇത് പൂർണമായും ഐച്ഛികമാണ് (ഒപ്ഷനൽ). സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് 11 മാസവും, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർക്ക് മൂന്ന് വർഷവുമാണ് സേവന കാലയളവ്. സാധുവായ കാരണങ്ങളില്ലാതെ 29 വയസ്സ് തികയുന്നതുവരെ സേവനത്തിൽ നിന്ന് മാറിനിൽക്കുന്നവർക്ക് ഒരു മാസം മുതൽ ഒരു വർഷം വരെ തടവോ 10,000 മുതൽ 50,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടുമോ ലഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.