ഇ.611ലുണ്ടായ ട്രക്ക് അപകടം
‘ഉറക്കംതൂങ്ങി വാഹനം ഓടിക്കരുത്’; ഇ611ലെ ട്രക്ക് അപകടത്തിന് പിന്നാലെ മുന്നറിയിപ്പുമായി പൊലീസ്
ദുബൈ: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എമിറേറ്റ്സ് റോഡിൽ (ഇ611) ട്രക്ക് സുരക്ഷാ ബാരിയറിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ പശ്ചാത്തലത്തിൽ, ക്ഷീണത്തോടും ഉറക്കംതൂങ്ങിയും വാഹനം ഓടിക്കരുതെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ദുബൈ ഫ്ലൈഓവറിന് ശേഷം അബൂദബി ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിലെ മെറ്റൽ ബാരിയറിൽ ഇടിച്ച ശേഷം റോഡിന് പുറത്തേക്ക് മാറിയാണ് ട്രക്ക് നിന്നത്. നിസ്സാര പരിക്കേറ്റ ഡ്രൈവർക്ക് അപകടസ്ഥലത്തു വച്ചുതന്നെ പ്രാഥമിക വൈദ്യസഹായം നൽകി.
ക്ഷീണത്തോടെ വാഹനം ഓടിക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയും ജാഗ്രതയും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും വലിയ തോതിൽ കുറക്കുമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. ക്ഷീണം കാരണം നിയന്ത്രണം നഷ്ടപ്പെടാനും ലൈൻ മാറിപ്പോകാനും ബാരിയറുകളിലോ മറ്റ് വാഹനങ്ങളിലോ ഇടിക്കാനും സാധ്യതയേറെയാണ്. തങ്ങൾക്ക് വാഹനം ഓടിക്കാൻ സാധിക്കുമെന്ന് ഡ്രൈവർമാർ കരുതിയാൽപോലും ഏതാനും സെക്കൻഡുകൾ കൊണ്ട് വൻ അപകടങ്ങൾ സംഭവിക്കാം.
ദീർഘദൂര യാത്രകൾക്ക് മുമ്പ് ഡ്രൈവർമാർ ആവശ്യത്തിന് വിശ്രമം ഉറപ്പാക്കണം. വാഹനം ഓടിക്കുന്നതിനിടയിൽ ക്ഷീണമോ ഉറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തി വിശ്രമിക്കണം. തുടർന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും നിശ്ചിത ലൈനുകളിൽ മാത്രം വാഹനം ഓടിക്കുകയും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ബ്രിഗേഡിയർ ജുമാ സലീം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.