സുഡാന്‍ സൈന്യത്തിന് ആയുധമെത്തിക്കലും കള്ളപ്പണം വെളുപ്പിക്കലും: പ്രതികള്‍ക്ക് ജീവപര്യന്തം തടവും കനത്ത പിഴയും

 അബൂദബി: സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും സൈനിക ഉപകരണങ്ങളും എത്തിച്ചുനല്‍കുകയും സാമ്പത്തിക ഇടപാടുകള്‍ക്കായി യു.എ.ഇ മണ്ണും ബാങ്കിങ് സംവിധാനവും ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിലെ വിധി പുറപ്പെടുവിച്ച് അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി. കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ആയുധ ഇടപാടുകള്‍, വ്യാജ രേഖ ചമയ്ക്കല്‍, അനധികൃത കമ്പനികളും ബാങ്ക് അക്കൗണ്ടുകളും വഴിയുള്ള പണമിടപാടുകള്‍ എന്നിവ ഉള്‍പ്പെട്ട വന്‍ ശൃംഖലയെയാണ് വിചാരണയിലൂടെ അബൂദബി കോടതി പുറത്തുകൊണ്ടുവന്നത്.

റാശിദ് ഉമര്‍ അബ്ദുല്‍ ഖാദിര്‍ അലി, സലാഹ് അബ്ദുല്ല മുഹമ്മദ് മുഹമ്മദ് സാലിഹ് (സലാഹ് ഗോഷ്), അഹമ്മദ് അബ്ദുല്ല (അബ്ദുല്ല ഖലഫുല്ല), അഹമ്മദ് റബീ സായിദ് അഹമ്മദ്, മുഹമ്മദ് ഫത്ഹ് അല്‍ ബെയ്ക്, യാസര്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ അത്ത, ഉസ്മാന്‍ അല്‍ സുബൈര്‍, മഹര്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പിടിച്ചെടുത്ത ആയുധങ്ങള്‍, വെടിമരുന്നുകള്‍, ഫോണുകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവ കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

മൂന്ന് വര്‍ഷം തടവും വന്‍തുക പിഴയും

പ്രതികളായ റാശിദ് ഉമര്‍ അബ്ദുല്‍ ഖാദിര്‍ അലി, സലാഹ് ഗോഷ്, അബ്ദുള്ള ഖലഫുല്ല, മഹര്‍ അബ്ദുല്‍ ജലീല്‍, ഉസ്മാന്‍ ബാബികര്‍, ഖാലിദ് യൂസുഫ് മുഖ്താര്‍, അഹമ്മദ് ഖലഫുല്ല അബ്ദുല്ല എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വീതം അധിക തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ ഓരോരുത്തരും പത്തുലക്ഷം ദിര്‍ഹം വീതം പിഴയടക്കണം. പിടിച്ചെടുത്ത തുകയില്‍ നിന്ന് 15.45 ലക്ഷം ദിര്‍ഹം കണ്ടുകെട്ടാനും ഉത്തരവുണ്ട്. അതേസമയം, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മുബാറക് അലി അല്‍ ശൈഖ്, മുസ്അബ് അവദ് അല്‍ കരീം ഹസന്‍ എന്നിവരെ കോടതി കുറ്റമുക്തരാക്കി.

കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച ആറ് കമ്പനികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തുകയും ലൈസന്‍സുകളും രജിസ്‌ട്രേഷനുകളും റദ്ദാക്കാനും, കണ്ടുകെട്ടിയ ഫണ്ടുകളും കുറ്റകൃത്യത്തിലൂടെ നേടിയ തുകയും കണ്ടുകെട്ടാനും കോടതി വിധിച്ചു. റാശിദ് ഉമര്‍ ബ്രോക്കറേജ് കമ്പനി, പോര്‍ടെക്‌സ് ട്രേഡ് ലിമിറ്റഡ്, അപ്പൊളാര ഇലക്ട്രോണിക്‌സ് ട്രേഡിങ് കമ്പനി, യെല്ലോ സാൻഡ് ട്രേഡിങ് കമ്പനി, വര്‍ദത് അല്‍ മസാറ ട്രേഡിങ് കമ്പനി, സുഡാമിന - ഫ്രീ സോണ്‍ എന്നീ കമ്പനികള്‍ക്കെതിരേയാണ് നടപടി.

പോര്‍ട്ട് സുഡാനിലേക്ക് രണ്ട് ആയുധ ഇടപാടുകള്‍

യു.എ.ഇ അധികൃതരുടെ ഒരുവിധ ലൈസന്‍സോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെയാണ് പ്രതികള്‍ ആയുധ-സൈനിക ഉപകരണ വില്‍പന നടത്തിയത്. ഗോര്യുനോവ് ഇനത്തില്‍പെട്ട വെടിയുണ്ടകള്‍, മെഡിക്കല്‍ ഉപകരണങ്ങളാണെന്ന് തെറ്റിധരിപ്പിച്ച് വിമാനമാര്‍ഗം പോര്‍ട്ട് സുഡാനിലേക്ക് കടത്താന്‍ യു.എ.ഇയില്‍ എത്തിക്കുകയായിരുന്നു. ബാങ്ക് ട്രാന്‍സ്ഫറുകള്‍ക്ക് പുറമെ നേരിട്ടുള്ള വന്‍ തുകകളുടെ പണമിടപാടുകളും യു.എ.ഇക്കുള്ളില്‍ വച്ച് നടന്നു.

സുഡാനില്‍ നിലനില്‍ക്കുന്ന ആഭ്യന്തര സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗത്തിന് വേണ്ടി നടത്തിയ അനധികൃത നീക്കമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ മണ്ണും സാമ്പത്തിക അടിത്തറയും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇയുടെ ബന്ധങ്ങളെ ബാധിക്കുമെന്നും രാജ്യതാല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നും കോടതി വിലയിരുത്തി. സംഘടിതമായി നടന്ന അനധികൃത ആയുധക്കടത്തും സാമ്പത്തിക കുറ്റകൃത്യങ്ങളും യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസിയുടെ നിര്‍ദേശപ്രകാരം നടന്ന ശാസ്ത്രീയ-സാമ്പത്തിക അന്വേഷണങ്ങളിലൂടെയാണ് പുറത്തുകൊണ്ടുവന്നതും പ്രതികളെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കിയതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.