ലഗേജുകളില്‍ ജാഗ്രത വേണം; നിരോധിത ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മറ്റ് നിയന്ത്രിത ഉൽപന്നങ്ങള്‍ എന്നിവയില്ലെന്ന് ഉറപ്പുവരുത്തണം

അബൂദബി: യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ ലഗേജുകളില്‍ നിരോധിത ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മറ്റ് നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ എന്നിവയില്ലെന്ന് ഉറപ്പുവരുത്തണമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമാണ് പൊതുജന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ നിയമവിധേയമായി ലഭിക്കുന്നതും ഉപയോഗിക്കുന്നതുമായ പല സാധനങ്ങള്‍ക്കും യു.എ.ഇ നിയമപ്രകാരം നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവര്‍, ഇവിടെ താമസിക്കുന്നവര്‍, യു.എ.ഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ (ട്രാന്‍സിറ്റ് യാത്രക്കാര്‍) എന്നിവര്‍ക്കെല്ലാം ഈ നിയമങ്ങള്‍ ബാധകമാണ്.

അറിയാതെയാണെങ്കിലും ചെറിയ അളവില്‍ പോലും നിരോധിത സാധനങ്ങള്‍ കൊണ്ടുപോകുന്നത് സാധനങ്ങള്‍ പിടിച്ചെടുക്കല്‍, കനത്ത പിഴ, തടവ്, നാടുകടത്തല്‍ തുടങ്ങിയ നിയമനടപടികള്‍ക്ക് കാരണമായേക്കാം. കസ്‌കസ് (പോപ്പി സീഡ്‌സ്), ഖാട്ട് ഇലകള്‍, വെറ്റില, അടക്ക, നിസ്​വാര്‍ (പുകയില്ലാത്ത പുകയില ഉല്‍പ്പന്നം), ഗുഡ്ഖ, മറ്റ് ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങള്‍ എന്നിവ ഇന്ത്യയില്‍നിന്ന് ലഗേജുകളിലോ കൈവശമോ കരുതരുത്. ഇന്ത്യയില്‍ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നാണെങ്കില്‍ പോലും, ആവശ്യമായ അനുമതിയില്ലാതെയും അനുവദനീയമായ അളവില്‍ കൂടുതലും യു.എ.ഇയിലേക്ക് കൊണ്ടുവരുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും.

മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ടത്​. ..

നാര്‍ക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തില്‍പ്പെടുന്നതും അല്ലാത്തതുമായ മരുന്നുകളുടെ കാര്യത്തില്‍ യു.എ.ഇയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഉറക്കഗുളികകള്‍, കഠിനമായ വേദനസംഹാരികള്‍, മാനസികാരോഗ്യത്തിനുള്ള മരുന്നുകള്‍ എന്നിവ ഈ നിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടാം.

ഇത്തരം മരുന്നുകള്‍ കരുതുന്ന യാത്രക്കാര്‍, എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റ്​ (ഇ.ഡി.ഇ) പ്രസിദ്ധീകരിച്ച നിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍ ഉള്ളതാണോ എന്ന് പരിശോധിക്കുക. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യാത്രക്കുമുമ്പ് വ്യക്തിഗത ഉപയോഗത്തിനായുള്ള ഒഫീഷ്യല്‍ ‘ഇമ്പോര്‍ട്ട് പെര്‍മിറ്റ്’ നേടുക. ഡോക്ടറുടെ സാധുവായ കുറിപ്പടിയോ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടോ കൈവശം കരുതുക.

അനുവദനീയമായ അളവില്‍ കൂടുതല്‍ മരുന്നുകള്‍ കൊണ്ടുപോകരുത്. നിയന്ത്രിത മരുന്നുകള്‍ കരുതുന്നവര്‍ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ www.ede.gov.ae എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം.

യു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടും കുറിപ്പടിയും അപ്ലോഡ് ചെയ്യണം. തികച്ചും സൗജന്യമാണ്. പ്രൊസസിങ്ങിന് ഒരു പ്രവൃത്തിദിനം എടുക്കും. ഹെല്‍പ്പ് ലൈന്‍: 800-33784. ഇമെയില്‍: info@ede.gov.ae

പൂര്‍ണമായി നിരോധിച്ച മറ്റ് സാധനങ്ങള്‍

  • എല്ലാത്തരം മയക്കുമരുന്നുകളും ലഹരിവസ്തുക്കളും
  • വ്യാജ കറന്‍സികളും വ്യാജ ഉല്‍പ്പന്നങ്ങളും
  • ചൂതാട്ട ഉപകരണങ്ങളും യന്ത്രങ്ങളും
  • മൂന്ന് പാളികളുള്ള നൈലോണ്‍ മീന്‍പിടുത്ത വലകള്‍
  • ആഭിചാരം, മന്ത്രവാദം എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കള്‍
  • അപായകരമായതോ റേഡിയോ ആക്ടീവ് മലിനീകരണമുള്ളതോ ആയ വസ്തുക്കള്‍

മുന്‍കൂര്‍ അനുമതി വേണ്ടവ

ചില ഉൽപന്നങ്ങള്‍ക്ക് പൂര്‍ണ നിരോധനമില്ലെങ്കിലും ബന്ധപ്പെട്ട യു.എ.ഇ അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കൊണ്ടുവരാന്‍ സാധിക്കൂ:

  • ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍
  • ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍
  • മരുന്നുകളും വൈദ്യശാസ്ത്ര ഉപകരണങ്ങളും
  • പ്രസിദ്ധീകരണങ്ങള്‍, റെക്കോര്‍ഡ് ചെയ്ത കണ്ടന്‍റുകള്‍, പ്രക്ഷേപണ ഉപകരണങ്ങള്‍
  • വയര്‍ലെസ് ട്രാന്‍സ്മിറ്ററുകള്‍, കമ്യൂണിക്കേഷന്‍, ജി.പി.എസ് ഉപകരണങ്ങള്‍
  • മദ്യപാനീയങ്ങള്‍
  • ഇ-സിഗരറ്റുകള്‍, ഇലക്ട്രോണിക് ഹുക്കകള്‍
  • വാഹന ടയറുകള്‍
  • സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചില പ്രത്യേക ഇലക്ട്രോണിക് ഉപകരണങ്ങള്‍
  • ആണവ, റേഡിയോ ആക്ടീവ് വസ്തുക്കള്‍
  • പരുക്കന്‍ വജ്രങ്ങള്‍

60000 ദിര്‍ഹത്തില്‍ കൂടുതലുണ്ടെങ്കില്‍ കസ്റ്റംസില്‍ വെളിപ്പെടുത്തണം

പണം, ചെക്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക രേഖകള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍, രത്‌നങ്ങള്‍ എന്നിവ യു.എ.ഇയിലേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ കൈവശമുണ്ടെങ്കില്‍ നിര്‍ദിഷ്ട പരിധിയില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസില്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ആകെ മൂല്യം 60000 ദിര്‍ഹം അല്ലെങ്കില്‍ അതിന് തുല്യമായ മറ്റ് വിദേശ കറന്‍സിക്ക് മുകളിലാണെങ്കില്‍ കസ്റ്റംസ് അധികൃതരെ അറിയിക്കണം.

പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും പ്രധാന നിര്‍ദേശങ്ങള്‍

  • ലഗേജ് പരിശോധിച്ച് ഉറപ്പുവരുത്തുക: നിരോധിതമോ നിയന്ത്രിതമോ ആയ സാധനങ്ങള്‍ അനുമതിയില്ലാതെ കൈവശമില്ലെന്ന് ഉറപ്പാക്കുക.
  • അപരിചിതരുടെ ലഗേജ് വാങ്ങരുത്: മറ്റുള്ളവരുടെ ബാഗുകളോ പാക്കറ്റുകളോ, ഉള്ളടക്കം വ്യക്തമായി അറിയാതെ കൊണ്ടുപോകാന്‍ ഏല്‍ക്കരുത്.
  • മരുന്നുകളുടെ വിവരങ്ങള്‍ ഉറപ്പാക്കുക: ആവശ്യമായ അനുമതിപത്രവും ഡോക്ടറുടെ രേഖകളും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
  • ഔദ്യോഗിക വിവരങ്ങള്‍ പരിശോധിക്കുക: ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, ദുബൈ കസ്റ്റംസ്, അബൂദബി കസ്റ്റംസ്, എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റ്​ എന്നിവയുടെ വെബ്സൈറ്റുകള്‍ വഴി പുതിയ വിവരങ്ങള്‍ അറിയുക.
Tags:    
News Summary - UAE Baggage Restriction Guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.