കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച നിയന്ത്രണവിധേയം; യു.എ.ഇ തീരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

അബൂദബി: യു.എ.ഇ പ്രാദേശിക സമുദ്ര അതിർത്തിയിൽ അപകടത്തിൽപ്പെട്ട ‘ജെം നമ്പർ 2’ എന്ന എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച പൂർണമായും തടഞ്ഞതായി ഊർജ്ജ-അടിസ്ഥാനസൗകര്യ മന്ത്രാലയം അറിയിച്ചു. എണ്ണചോർച്ച കുടിവെള്ളത്തെ ശുദ്ധീകരണത്തെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. യു.എ.ഇ തീരത്ത് നിന്ന് പിടികൂടിയ മീൻ ഭക്ഷിക്കുന്നത് സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തോടൊപ്പം കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻ.സി.ഇ.എം.എ) തുടങ്ങിയ വിവിധ ഫെഡറൽ-പ്രാദേശിക ഏജൻസികൾ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങളും നിരീക്ഷണങ്ങളും ഏകോപിപ്പിക്കുന്നത്. പുതിയ എണ്ണച്ചോർച്ചകളൊന്നും കണ്ടെത്തിയിട്ടില്ല. സാറ്റലൈറ്റ് സാങ്കേതികവിദ്യയും വ്യോമ-സമുദ്ര നിരീക്ഷണവും ഉപയോഗിച്ച് സാഹചര്യം വിലയിരുത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ കടലിലെ എണ്ണപ്പാട പ്രധാനമായും ഉമ്മുൽ ഖുവൈൻ തീരത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ റാസൽഖൈമ, അജ്മാൻ, ഷാർജ തുടങ്ങിയ എമിറേറ്റുകളുടെ ചില തീരപ്രദേശങ്ങളിലേക്കും എണ്ണപ്പാട ചെറിയ രീതിയിൽ പടർന്നിട്ടുണ്ട്. എന്നാൽ, മുൻദിവസങ്ങളെ അപേക്ഷിച്ച് മലിനീകരണത്തിന്‍റെ തോതിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് ഒക്ടോബർ 30ന് ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി മെക്കാനിക്കൽ റിക്കവറി രീതികളും കെമിക്കൽ ഡിസ്പേഴ്സന്‍റുകളും ഉപയോഗിച്ചാണ് സമുദ്ര ശുചീകരണം നടത്തുന്നത്. ഉമ്മുൽഖുവൈൻ, ഷാർജ, അജ്മാൻ റാസൽഖൈമ എന്നിവിടങ്ങളിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചത് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ്. പൊതുജന സുരക്ഷ ഉറപ്പാക്കാനും തടസ്സമില്ലാതെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു.

കുടിവെള്ള വിതരണ സംവിധാനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കിയിട്ടുണ്ടെന്ന് ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അറിയിച്ചു. കടൽവെള്ളം ശുദ്ധീകരിച്ചാണ് രാജ്യത്ത് കുടിവെള്ളം ഉൾപ്പെടെ ഉൽപാദിപ്പിക്കുന്നത് എന്നതിനാൽ, കുടിവെള്ളത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻകൂർ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ വിപണികളിൽ ലഭ്യമാകുന്ന മീനുകളും മറ്റ് ഭക്ഷ്യവസ്തുക്കളും പൂർണമായും സുരക്ഷിതവും ഉപയോഗയോഗ്യവുമാണെന്ന് മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - UAE Oil Spill Contained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.