ശീതകാല രോഗങ്ങളെ പ്രതിരോധിക്കാന്‍ യു.എ.ഇ; ആരോഗ്യ മന്ത്രാലയത്തിന്‍റെ ദേശീയ കാമ്പയിന്‍ ചൊവ്വാഴ്ച മുതല്‍
അബൂദബി: യു.എ.ഇയില്‍ പനിക്കും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുമെതിരെയുള്ള 2026-2027 ബോധവല്‍ക്കരണ കാമ്പയിന് ചൊവ്വാഴ്ച തുടക്കമാകും. ആരോഗ്യ മന്ത്രാലയമാണ് ‘നിങ്ങളെത്തന്നെ സംരക്ഷിക്കുക... നിങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ദേശീയ പങ്കാളിത്തത്തിന്‍റെ ഭാഗമായി, എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ്, അബൂദബി ആരോഗ്യ വകുപ്പ്, അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്‍റര്‍, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ഹെല്‍ത്ത്, ഷാര്‍ജ ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടപ്പാക്കുന്നത്.
സീസണല്‍ ഇന്‍ഫ്‌ളുവന്‍സക്ക് പുറമെ മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളെയും അവക്കുള്ള പ്രതിരോധ നടപടികളെയും കൂടി ഉള്‍പ്പെടുത്തിയാണ് ഈ സീസണിലെ കാമ്പയിന്‍. രോഗാവസ്ഥകളില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കും.
പൗരന്മാരെയും താമസക്കാരെയുമാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. പ്രായമായവര്‍, അഞ്ച് വയസ്സിന് താഴെയുള്ളവർ, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കാമ്പയിനില്‍ പ്രത്യേക ഊന്നല്‍ നല്‍കും.
രോഗകാരണങ്ങള്‍, പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് കാമ്പയിന്‍റെ ലക്ഷ്യം. മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സജീവമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഇത് ജനങ്ങളെ പ്രേരിപ്പിക്കും.
പ്രതിരോധം, അവബോധം, ആരോഗ്യകരമായ ശീലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള നയങ്ങളിലൂടെ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് യു.എ.ഇ ഉയര്‍ന്ന ദേശീയ മുന്‍ഗണനയാണ് നല്‍കുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അഹ്‌മദ് ബിന്‍ അലി അല്‍ സായെഗ് വ്യക്തമാക്കി. കൂടുതല്‍ കരുത്തുറ്റതും കാര്യക്ഷമവുമായ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍
- കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകുക.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട ശരിയായ മര്യാദകള്‍ പിന്തുടരുക.
- വീടുകള്‍ക്കും അടച്ചസ്ഥലങ്ങള്‍ക്കും ഉള്ളില്‍ നല്ല രീതിയില്‍ വായുസഞ്ചാരം ഉറപ്പാക്കുക.
- ആവശ്യമുള്ളപ്പോള്‍ മാസ്‌ക് ധരിക്കുക.
- അംഗീകൃത ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ശുപാര്‍ശ ചെയ്യപ്പെട്ട വാക്‌സിനുകള്‍ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.