അബൂദബി അന്താരാഷ്ട്ര പുസ്തകമേള ഇന്നുമുതല്‍

അബൂദബി: 35-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് ഞായറാഴ്ച അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ തുടക്കമാവും. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ രക്ഷാകര്‍തൃത്വത്തില്‍ സാംസ്‌കാരിക, വിനോദ വകുപ്പിനു കീഴില്‍ അബൂദബി അറബിക് ലാംഗ്വേജ് സെന്‍ററാണ് സംഘാടകര്‍.

സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 1500ലധികം സാംസ്‌കാരിക, വിജ്ഞാന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാര്‍, ചിന്തകര്‍, അക്കാദമിക് വിദഗ്ധര്‍, പ്രസാധകര്‍, സര്‍ഗാത്മക പ്രതിഭകള്‍ മേളയില്‍ സംഗമിക്കും. ‘ടേണ്‍ ദ പേജ്, റീഡ് ദ വേള്‍ഡ്’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 95 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ അര്‍ജന്‍റീന, വൈനസ്വേല, കൊളംബിയ, പെറു, ഇക്വഡോര്‍, കൊസോവോ, ക്യൂബ എന്നീ ഏഴ് രാജ്യങ്ങള്‍ ആദ്യമായാണ് എത്തുന്നത്.

യു.എ.ഇയുടെ സംഗീതവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങിന് പുറമെ, അല്‍ ഖലീല്‍ ബിന്‍ അഹ്‌മദ് അല്‍ ഫറാഹിദിയുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള ‘അല്‍ ഖലീല്‍സ് മെറ്റഫര്‍: ദ ലെജന്‍ഡ് ഓഫ് ലവ് ആന്‍ഡ് സര്‍വൈവല്‍’ നാടകാവതരണം, കവിതാസന്ധ്യകള്‍, ‘പോഡ്കാസ്റ്റ് ഫ്രം അബൂദബി’, ‘ദ നെക്സ്റ്റ് ചാപ്റ്റര്‍’, അബ്ദുല്‍ ഹലീം ഹാഫിസിനെ ആദരിക്കുന്ന പ്രത്യേക ഇടങ്ങള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. യു.എ.ഇ. പ്രഖ്യാപിച്ച ‘കുടുംബ വര്‍ഷം 2026’ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അറബ് പൈതൃകവുമായി ഇടപഴകാന്‍ പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പരിപാടികള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പരിപാടികള്‍, പ്രൊഫഷണല്‍ സെമിനാറുകള്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പ്രസാധന വ്യവസായവും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സമ്മേളനം എന്നിവയും നടക്കും.

യു.എ.ഇയുടെ സാംസ്‌കാരിക-ബൗദ്ധിക രംഗത്തെ പ്രമുഖരുടെ സംഭാവനകള്‍ രേഖപ്പെടുത്തുന്ന 'ഇമാറാത്തി പയനിയേഴ്‌സ്' പദ്ധതിയുടെ ആദ്യ ആദരവ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ലൈബ്രറി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുര്‍ ഏറ്റുവാങ്ങും. ഇരുപതാമത് ശൈഖ് സായിദ് പുസ്തക അവാര്‍ഡിന്‍റെ വിജയികളെ ആദരിക്കുന്ന ചടങ്ങും മേളയില്‍ നടക്കും.

Tags:    
News Summary - Abu Dhabi International Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.