യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകളില്‍ വി.പി.എന്‍ ആപ്പുകള്‍ക്ക് വിലക്ക്; വിദ്യാർഥികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് കര്‍ശന നിയന്ത്രണം
അബൂദബി: യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകളിലെ കാംപസുകള്‍ക്കുള്ളില്‍ 2026-27 അധ്യയന വര്‍ഷം വി.പി.എന്‍. ആപ്പുകള്‍ നിരോധിച്ചു. ഔദ്യോഗികമായി വിദ്യാഭ്യാസ-ഭരണപരമായ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളവ ഒഴികെ, സ്‌കൂള്‍ പരിധിക്കുള്ളിലോ ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയോ വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതാണ് സ്‌കൂളുകള്‍ തടഞ്ഞത്.
സ്‌കൂള്‍ നെറ്റ് വര്‍ക്കിലും കാമ്പസുകളിലും അതുപോലെ സ്‌കൂളിന് പുറത്തുള്ള സഹപാഠ്യപദ്ധതി പ്രവര്‍ത്തനങ്ങളുടെ സമയത്തും വ്യക്തിഗത ഉപകരണങ്ങള്‍ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാം, എങ്ങനെയൊക്കെ ഉപയോഗിക്കരുത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിയമങ്ങള്‍ സ്‌കൂളുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ഉത്തരവാദിത്ത ഡിജിറ്റല്‍ ഉപയോഗ നയം
ഡിജിറ്റല്‍ ഉപയോഗ നയങ്ങള്‍ സംബന്ധിച്ച സര്‍ക്കുലറുകള്‍ ഔദ്യോഗിക ചാനലുകള്‍ വഴി വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സ്‌കൂളുകള്‍ കൈമാറിയിട്ടുണ്ട്. സൈബര്‍ അപകടങ്ങളില്‍ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാന്‍ ഫലപ്രദമായ പ്രോഗ്രാമുകളും സിസ്റ്റങ്ങളും സ്‌കൂളുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫില്‍ട്ടറിംഗ് സിസ്റ്റങ്ങള്‍ നടപ്പാക്കിക്കൊണ്ടും സ്‌കൂള്‍ ഉപകരണങ്ങളിലെ ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷിച്ചും സൈബര്‍ ലംഘനങ്ങളും നെഗറ്റീവ് പ്രവണതകളും കണ്ടെത്തിയും സ്‌കൂളുകള്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അപകടകരവും അമിതവുമായതോ നിയമവിരുദ്ധമായതോ ആയ ഡിജിറ്റല്‍ ശീലങ്ങള്‍ തുടരുന്ന വിദ്യാർഥികളെ സഹായിക്കാന്‍ പ്രത്യേക സമിതികളെയും സ്‌കൂളുകള്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട നാല് സൈബര്‍ അപകടങ്ങള്‍
വിദ്യാർഥികള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ളതും സ്‌കൂളുകള്‍ പ്രതിരോധിക്കേണ്ടതുമായ നാല് പ്രധാന സൈബര്‍ അപകടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു:
- അനുചിതവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ അല്ലെങ്കില്‍ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കണ്ടന്‍റുകള്‍ കാണുന്നത്.
- വ്യാജ പ്രൊഫൈലുകള്‍ ഉള്ളവരുമായി ബന്ധപ്പെടുന്നത് പോലുള്ള സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ ആശയവിനിമയങ്ങള്‍.
- സൈബര്‍ ബുള്ളിയിങ്ങില്‍ പങ്കെടുക്കുന്നത് പോലുള്ള, തനിക്കോ മറ്റുള്ളവര്‍ക്കോ ദോഷം വരുത്തുന്ന ഓണ്‍ലൈന്‍ പെരുമാറ്റങ്ങള്‍.
- ചൂതാട്ടം, ഫിഷിങ് തുടങ്ങിയ വഞ്ചനകളും സാമ്പത്തിക അപകടങ്ങളും.
ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിതവും ഉചിതവുമായ പെരുമാറ്റം ഉറപ്പാക്കാന്‍ സ്‌കൂള്‍ സമയത്തിന് പുറത്തും കാംപസിന് പുറത്തും കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്ന് സ്‌കൂളുകള്‍ അഭ്യർഥിച്ചു.
മുന്‍കരുതല്‍ നടപടി
ഡിജിറ്റല്‍ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന പ്ലാറ്റ്ഫോമുകളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനം പരിമിതപ്പെടുത്താനുള്ള മുന്‍കരുതല്‍ നടപടിയാണ് വി.പി.എന്‍ നിയന്ത്രണങ്ങളെന്ന് വിദ്യാഭ്യാസ വിദഗ്ധരായ മുഹമ്മദ് ഘോനൈം, അമാനി ഖുര്‍ഷിദ്, സഹര്‍ നാദി എന്നിവര്‍ വ്യക്തമാക്കി.
സാങ്കേതികമായ നിരോധനം മാത്രം ലക്ഷ്യം കാണില്ല. ഫില്‍ട്ടറിങ് ടൂളുകള്‍, നിരീക്ഷണം, നിരന്തരമായ ബോധവല്‍ക്കരണം എന്നിവയോടൊപ്പം സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഹാനികരവുമായ വശങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സമഗ്രമായ സംവിധാനം ആവശ്യമാണ്. രക്ഷിതാക്കളുടെ പങ്കാളിത്തം നിര്‍ണായകം
അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ, പാഠ്യ പദ്ധതികളെക്കുറിച്ച് സ്‌കൂളുകള്‍ പേരന്‍റ്സ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. സ്‌കൂളും കുടുംബവും തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തത്തിന്‍റെ ഭാഗമായി, കുട്ടികളുടെ ക്ലാസ് അധ്യാപകരെ നേരിട്ട് കാണാനും അധ്യയന വര്‍ഷത്തെ പ്രതീക്ഷകള്‍, സിലബസ്, പെരുമാറ്റച്ചട്ടങ്ങള്‍, വിലയിരുത്തല്‍ രീതികള്‍ എന്നിവ മനസ്സിലാക്കാനും ഈ യോഗങ്ങള്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കുന്നു.
സ്‌കൂളുകളില്‍ മാത്രമല്ല, സ്‌കൂള്‍ സമയത്തിന് പുറത്തും കുട്ടികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിരീക്ഷിക്കുന്നതില്‍ കുടുംബത്തിന്‍റെ പങ്ക് വളരെ വലുതാണെന്ന് ഈ യോഗങ്ങളില്‍ ഊന്നിപ്പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.