ഖത്തറിലെത്തിയ റിനാസ് മകൻ ഇമ്രാനും ഭാര്യ സഹോദരിയുടെ മകൻ നജാദ് അൻവറിനുമൊപ്പം
വിമാന നിരക്ക് മൂന്നും നാലും ഇരട്ടിയായി ഉയർന്നതോടെ റോഡ് മാർഗം എങ്ങിനെ ഖത്തറിലെത്താം എന്ന ആലോചനയിലാണ് യു.എ.ഇയിലെ പ്രവാസികൾ. പല വഴികളിലൂടെ ഖത്തറിലെത്താനുള്ള ശ്രമങ്ങളിലാണ് ഫുട്ബാൾ ഫാൻസ്. ബുധനാഴ്ചയാണ് ഞാനും കുടുംബവും സൗദി വഴി ഖത്തറിലെത്തിയത്. ഇനിയും റോഡ് വഴി എത്താൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ കുറിപ്പ്.അബൂദബി ഗുവൈഫാത്ത് അതിർത്തി വഴിയാണ് ഞങ്ങൾ ഖത്തറിലേക്ക് തിരിച്ചത്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും മത്സരം കാണാനുള്ള ടിക്കറ്റെടുത്തിരിക്കണം. ഓൺലൈനിൽ ടിക്കറ്റ് റിസെയിൽ പ്ലാറ്റ്ഫോമിൽ ഇപ്പോഴും ചില മത്സരങ്ങളുടെ ടിക്കറ്റ് ലഭ്യമാണ്. ഖത്തറിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ നേരിട്ടെത്തിയും ടിക്കറ്റെടുക്കാം.
ഇതിന് ശേഷമാണ് ഹയ്യാ കാർഡിന് അപേക്ഷിക്കേണ്ടത്. ഈ സമയത്ത് താമസ വിവരങ്ങൾ നൽകേണ്ടിവരും. ഖത്തറിന്‍റെ ഔദ്യോഗിക അക്കോമഡേഷൻ വെബ്സൈറ്റ് വഴി താമസം ബുക്ക് ചെയ്യാം. ഇതിന്‍റെ ഇൻവോയ്സ് ഹയ്യാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഇതിന് ശേഷമാണ് സൗദി ഇ-വിസ പോർട്ടലിലൂടെ സൗദി വിസക്ക് അപേക്ഷിക്കേണ്ടത്. ഹയ്യാ കാർഡുള്ളവർക്ക് സൗജന്യമായി ഇ-വിസ എടുക്കാം. എന്നാൽ, ഇതിനൊപ്പം 91 ദിർഹം നൽകി ഇൻഷ്വറൻസ് എടുക്കണം. വിസയുടെ കോപ്പിയും ഹയ്യാ കാർഡിന്‍റെ കോപ്പിയും കൈയിൽ കരുതണം. ഹയ്യാ കാർഡ് കാണിച്ചാൽ എക്സിറ്റ് ഫീസ് ഇല്ലാതെ തന്നെ കാറിൽ ഇരുന്ന് അതിർത്തി കടക്കാം.
അടുത്ത അതിർത്തി സൗദി ബത്ത ബോർഡറാണ്. ഇവിടെ കാർ നിർത്തിയശേഷം ഇറങ്ങി ഇമിഗ്രേഷൻ ക്ലിയറൻസ് ചെയ്യണം. അവിടെ വിരലടയാളം രേഖപ്പെടുത്തും. ഇവിടെ നിന്ന് പുറത്ത് കടന്നാൽ വലതുഭാഗത്ത് വിശ്രമ സ്ഥലമുണ്ട്. ഭക്ഷണവും മറ്റും കഴിക്കാൻ റസ്റ്റാറന്‍റുമുണ്ട്. ബത്ത ബോർഡർ എക്സിറ്റാകും മുൻപേ കാറിന്‍റെ ഇൻഷുറൻസ് എടുത്തിട്ടില്ലെങ്കിൽ ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തണം. ബത്ത ബോർഡറിന്‍റെ ലാസ്റ്റ് ഗേറ്റിൽ അതിന് സൗകര്യമുണ്ട്. ഒരാഴ്ചത്തേക്കാണങ്കിൽ 120 റിയാലാണ് കാർ ഇൻഷ്വറൻസ് നിരക്ക്. രണ്ടാഴ്ചത്തേക്കാണെങ്കിൽ 200 റിയാൽ നൽകണം. വിസ കാർഡ് വഴിയും പേമന്‍റ് നടത്താം.അതിർത്തിയിലുടനീളം ഉദ്യോഗസ്ഥരുടേത് മാന്യമായ പെരുമാറ്റമാണ്. സൗദിയുടെ ജയത്തിന്‍റെ ആഹ്ലാദം അവരുടെ മുഖത്ത് പ്രകടമാണ്. അടുത്തത സൗദി-ഖത്തർ അതിർത്തിയാണ്. ഇവിടെ വാഹനം പാർക്ക് ചെയ്ത ശേഷം പോകുന്നതാണ് നല്ലത്. സൽവ അതിർത്തിക്ക് സമീപം ഗ്രീൻ ഷോപ്പിങ് സെന്‍ററിന് മുൻവശത്തായി വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യാം.
ഒരു റിയാൽ പോലും പാർക്കിങ് ഫീസ് നൽകേണ്ടതില്ല. സൗദി പൊലീസിന്‍റെ സംരക്ഷണയിൽ എത്ര ദിവസം വേണമെങ്കിലും വാഹനങ്ങൾ അവിടെ നിർത്തിയിടാം. ആയിരക്കണക്കിന് വാഹനങ്ങൾ നിർത്താൻ ഇവിടെ സൗകര്യമുണ്ട്. ഇവിടെ നിന്ന് ഖത്തർ സർക്കാറിന്‍റെ ബസ് സർവീസ് 24 മണിക്കൂറുമുണ്ട്. ബസ് മാർഗമാണ് സൽവാ ബോർഡർ വഴി ഖത്തറിലേക്ക് പ്രവേശിക്കുന്നത്. ഞങ്ങൾ രാത്രിയാണ് ഖത്തറിലെത്തിയത്. കാറുമായി അതിർത്തി കടക്കണമെങ്കിൽ 5000 റിയാൽ നൽകേണ്ടിവരുമെന്ന് നേരത്തെ കേട്ടിരുന്നു. ഇത് കാരണം യാത്ര മാറ്റിവെക്കുന്നവരുണ്ട്. എന്നാൽ, അതിർത്തിയിലെത്തി സൗദിയുടെ പാർക്കിങ് ഉപയോഗപ്പെടുത്തി ബസിൽ പോയാൽ ഈ പണം ലാഭിക്കാം. സൽവാ അതിർത്തിയിൽ സ്വീകരിക്കാൻ ആരെങ്കിലും കാറുമായെത്തിയാൽ അതുവഴിയും ഖത്തറിലേക്ക് പ്രവേശിക്കാം.ഞങ്ങളെ സ്വീകരിക്കാൻ സഹോദരൻ എത്തിയതിനാൽ അദ്ദേഹത്തിന്‍റെ കാറിലാണ് ഞങ്ങൾ ദോഹയിലേക്ക് തിരിച്ചത്. സൽവ, അബൂസംറ അതിർത്തികൾ വഴിയായിരുന്നു യാത്ര. പറഞ്ഞ് കേട്ടതിലും എളുപ്പമാണ് ഖത്തറിലേക്കുള്ള റോഡ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.