അബൂദബി: ‘വഹത് അല്‍ സവേയ’ പദ്ധതിയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കി അബൂദബി കോടതി. 70.2 കോടി ദിര്‍ഹം നിക്ഷേപകര്‍ക്ക് തിരികെ നല്കാന് കോടതി ഉത്തരവിട്ടു. 822 കേസുകളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയത്.
വീടുകള്‍ വാങ്ങിയവരുമായി ഏര്‍പ്പെട്ട കരാറുകള്‍ റദ്ദാക്കാനും നല്കിയ പണം അവരവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം പദ്ധതിയുടെ രണ്ടാംഘട്ട തീര്‍പ്പാക്കല്‍ നടപടികളിലേക്ക് കോടതി കടന്നു.
പരാതി നല്‍കിയവര്‍ക്കെല്ലാം വിപണിമൂല്യത്തിന് അനുസൃതമായ അവകാശങ്ങള്‍ ലഭ്യമാക്കാനാണ് കോടതി നീക്കം.
പരാതികള്‍ തീര്‍പ്പാക്കിയശേഷം അംഗീകൃത കോണ്‍ട്രാക്ടര്‍മാരെ ഉപയോഗപ്പെടുത്തി ഒന്നു മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറാനാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ തീരുമാനം.
650ഓളം പേര് പദ്ധതിയുടെ ഭാഗമായി തുടരാന്‍ താല്പര്യം അറിയിച്ചിരുന്നു.
ഇവരടക്കമുള്ളവര്ക്കാണ് ഇത്തരത്തില്‍ നിര്‍മിതികള്‍ കൈമാറുക. പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഇവ തീര്‍പ്പുകല്‍പ്പിക്കാന്‍ 2021ലാണ് പ്രത്യേക ജുഡീഷ്യല്‍ സമിതിക്ക് രൂപം നല്‍കിയത്.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അബൂദബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.