ദുബൈ പൊലീസ് ട്രാഫിക് വിഭാഗം പത്രസമ്മേളനത്തിൽ നിയന്ത്രണങ്ങൾ വിശദീകരിക്കുന്നു
ദുബൈ: ഡ്രൈവിങ്ങിനിടെ വാഹനങ്ങൾ തമ്മിൽ ആവശ്യമായ അകലം പാലിക്കാത്തത് കണ്ടെത്താൻ ദുബൈയിൽ റഡാറുകൾ ഉപയോഗിക്കുന്നു. നിയമം പാലിക്കുന്നത് സംബന്ധിച്ച് ദുബൈ പൊലീസ് ആരംഭിച്ച ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചത്. 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളുമാണ് ഈ നിയമലംഘനത്തിന് ശിക്ഷ ലഭിക്കുക. അതേസമയം അകലം പാലിക്കൽ അടക്കമുള്ള നിയമങ്ങൾ ലംഘിക്കുന്നത് ആവർത്തിച്ചാൽ 30 ദിവസം വാഹനം കണ്ടുകെട്ടൽ നടപടിയും സ്വീകരിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നിർമിതബുദ്ധി സാങ്കേതികവിദ്യ സംയോജിപ്പിച്ച റഡാറുകൾ ഉപയോഗിച്ച് ഈ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന്റെ പരീക്ഷണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. റഡാറുകളുടെ കൃത്യത ഉറപ്പാക്കുന്നതിനാണ് പരീക്ഷണം നടത്തിയതെന്ന് ട്രാഫിക് ടെക്നോളജി വകുപ്പ് ഡയറക്ടർ ബ്രി. എൻജിനീയർ മുഹമ്മദ് അലി കറം പറഞ്ഞു. വാഹനങ്ങൾക്കിടയിലെ അകലം പാലിക്കുന്ന നിയമത്തിന് പുറമെ, അമിത ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി ഗതാഗത നിയമലംഘനങ്ങളും റഡാറുകൾ നിരീക്ഷിക്കും. നൂതന റഡാറുകൾക്ക് ശബ്ദം, അതിന്റെ ഉറവിടം, അളവ് എന്നിവ കണ്ടെത്താനും ശബ്ദ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനും കഴിയും.
ശബ്ദപരിധി ലംഘിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക് പോയന്റുകളുമാണ് ശിക്ഷ. റെസിഡൻഷ്യൽ ഏരിയകളിൽ ശബ്ദ കോലാഹലം കുറക്കുന്നതിനും എല്ലാ താമസക്കാർക്കും ശാന്തമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് അധികൃതർ ശബ്ദപരിധി നിശ്ചയിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
റോഡ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാനും അപകടങ്ങൾ തടയുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
നിശ്ചിത വേഗപരിധി ലംഘിക്കൽ, ട്രാഫിക് സിഗ്നൽ മറികടക്കൽ, ലൈൻ മറികടക്കൽ, വിപരീതദിശയിലെ ഡ്രൈവിങ്, അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാനുള്ള പാതയിൽ സഞ്ചരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കൽ, അനുവദനീയമായ പരിധിക്കപ്പുറം ഗ്ലാസുകളിൽ ടിന്റ് ഒട്ടിക്കൽ, കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കൽ, നിശ്ചിത സ്ഥലത്തുനിന്നല്ലാതെ വാഹനം തിരിക്കൽ, കാലാവധി കഴിഞ്ഞ രജിസ്ട്രേഷൻ, റോഡിന് നടുവിൽ വാഹനം നിർത്തൽ എന്നിങ്ങനെയുള്ള നിയമലംഘനങ്ങളെല്ലാം റഡാർ വഴി കണ്ടെത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.