ദുബൈ: കേടാവുകയോ, ഇന്ധനം തീരുകയോ, ടയർ പഞ്ചറാവുകയോ ചെയ്താൽ വാഹനം റോഡിന്റെ നടുവിൽ നിർത്തിയിടുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. യാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ വാഹനങ്ങൾ യാത്രക്ക് പറ്റിയ അവസ്ഥയിലാണോയെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
ജബൽ അലി റോഡിൽ ഒരു കാറും മൂന്ന് ബസുകളും തമ്മിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ നിർദേശം. സാങ്കേതിക തകരാർ കാരണം റോഡിന് നടുവിൽ പെട്ടെന്ന് ഒരു ബസ് നിന്നുപോവുകയായിരുന്നു. അശ്രദ്ധയും ജാഗ്രതക്കുറവും കാരണം പുറകിൽ നിന്ന് വന്ന കാറിനും മറ്റ് രണ്ട് ബസുകൾക്കും ഈ ബസിനെ വെട്ടിച്ച് മാറ്റാൻ സാധിച്ചില്ല. ഇതേതുടർന്ന് വലിയൊരു കൂട്ടിയിടിയിൽ കലാശിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരവും നിസ്സാരവുമായ പരിക്കുകളോടെ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫെഡറൽ ട്രാഫിക് നിയമപ്രകാരം, റോഡിന് നടുവിൽ വാഹനം നിർത്തുന്നത് 1,000 ദിർഹം പിഴക്കും ആറു ട്രാഫിക് ബ്ലാക്ക് പോയന്റുകൾക്കും കാരണമാകും. ഇതിനുപുറമെ, ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ആർട്ടിക്കിൾ 98 പ്രകാരം 500 ദിർഹം പിഴയും ഈടാക്കും.
റോഡിന് നടുവിൽ വാഹനം നിർത്തുന്നത് മരണങ്ങൾക്കും കടുത്ത പരിക്കുകൾക്കും കാരണമാകുന്ന ഏറ്റവും അപകടകരമായ നിയമലംഘനങ്ങളിൽ ഒന്നാണെന്ന് ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഇസ്സാം ഇബ്രാഹിം അൽ അവാർ വ്യക്തമാക്കി. വാഹനം കേടാവുകയും റോഡിൽ നിന്ന് മാറ്റാൻ സാധിക്കാതെ വരികയും ചെയ്താൽ, ഉടൻ പൊലീസുമായി ബന്ധപ്പെടണം. പട്രോളിംഗ് സംഘമെത്തി വാഹനം സുരക്ഷിതമാക്കാനും മറ്റ് യാത്രികരെ സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കും.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തകരാറിലായ വാഹനങ്ങൾ നീക്കം ചെയ്ത് ട്രാഫിക് പുനഃസ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനം കേടായാൽ ഹസാർഡ് വാണിങ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുക, ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ആദ്യം ഉറപ്പാക്കുക, പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻകൂട്ടി കാണാൻ സാധിക്കുന്ന രീതിയിൽ സുരക്ഷിതമായ അകലത്തിൽ 'വാണിങ് ട്രയാംഗിൾ' സ്ഥാപിക്കുക, വാഹനത്തിൽ നിന്ന് ഇറങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക, പൊലീസിനെ വിവരം അറിയിക്കുക എന്നീ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ബ്രിഗേഡിയർ ഇസ്സാം ഇബ്രാഹിം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.