ഷാർജ: അഞ്ച് ദിർഹത്തിന് പകരം കൈയിൽ വന്ന ആയിരം ദിർഹം പൊലീസ് സഹായത്തോടെ ഉടമയെ തിരിച്ചേൽപ്പിച്ച് ഷാർജയിലെ മലയാളി കഫറ്റീരിയ ജീവനക്കാർ. കാഞ്ഞങ്ങാട് സ്വദേശി റാശിദും സിദ്ദീഖുമാണ് സത്യസന്ധതകൊണ്ട് ഗൾഫ് പ്രവാസികളുടെ അഭിമാനമായി മാറിയത്.
ഷാർജ അൽ മഹ്ത പെട്രോൾ പമ്പിലെ കാസിമിയ്യ കഫറ്റീരിയയിൽ ചായ കുടിക്കാനെത്തിയ തൃശൂർ സ്വദേശി ആർ.പി. സുധീർ ബിൽതുകയായ 4.50 ദിർഹമിനായി 1000 ദിർഹമിന്‍റെ നോട്ട് മാറി നൽകുകയായിരുന്നു. അഞ്ച് ദിർഹമാണെന്ന് കരുതിയാണ് ആയിരം നൽകിയത്. ശേഷം സുധീർ ഉടൻ മടങ്ങുകയും ചെയ്തു. പണം വാങ്ങിയ സിദ്ദീഖ് അഞ്ചിനു പകരം ആയിരത്തിന്‍റെ നോട്ടാണ് ലഭിച്ചതെന്ന് വൈകാതെ തിരിച്ചറിഞ്ഞു. തിരിച്ചുകൊടുക്കാനായി അന്വേഷിച്ചപ്പോൾ ആളെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ചായ കുടിക്കാനെത്തിയ സുധീറിനെയും വാഹന നമ്പറും മനസ്സിലായത്. അതോടെ സുധീറിനെ ബന്ധപ്പെട്ട് പണം കഫറ്റീരിയയയിൽ ഉണ്ടെന്നും അവിടെയെത്തി കൈപ്പറ്റണമെന്നും പൊലീസ് അറിയിക്കുകയായിരുന്നു.
കഫറ്റീരിയയിലെത്തി പണം കൈപ്പറ്റിയ സുധീർ കഫറ്റീരിയജീവനക്കാരുടെ സത്യസന്ധതയെ പ്രകീർത്തിച്ചു. ഇന്നത്തെ കാലത്ത് ഇത്തരം ആളുകളുണ്ടെന്നത് സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അവർക്ക് വേണമെങ്കിൽ അതെനിക്ക് തിരിച്ചു തരാതിരിക്കാമായിരുന്നു. കാരണം, ആ പണം എവിടെയാണ് കളഞ്ഞു പോയതെന്ന് എനിക്ക് നിശ്ചയമൊന്നും ഉണ്ടായിരുന്നില്ല’ -സുധീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.