ദുബൈ: ജബൽ അലി പ്രദേശത്ത് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ 28 കാരനായ അറബ് യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനമാണ് താൻ ഓടിച്ചിരുന്നതെന്നും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും യുവാവ് കോടതിയിൽ സമ്മതിച്ചു. കഴിഞ്ഞവർഷം ആദ്യമാണ് സംഭവം നടന്നത്. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാതെ ഇയാൾ അമിത വേഗതയിൽ സഞ്ചരിച്ചപ്പോഴാണ് അപകടമുണ്ടായത്. കാർ ആദ്യം ഒരു വാഹനത്തിൽ ഇടിച്ചതിനുശേഷം മറ്റൊരു ലോറിയിലേക്ക് ഇടിച്ചുകയറിയതായും ഇത് കാര്യമായ നാശനഷ്ടങ്ങൾ വരുത്തുകയും തുടർന്ന് മറ്റു രണ്ട് കാറുകളുമായി കൂട്ടിയിടിക്ക് കാരണമായതായും പ്രദേശിക മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ഗുരുതരമായ പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ എല്ലാ വാഹനങ്ങൾക്കും വ്യത്യസ്ത അളവിലുള്ള കേടുപാടുകൾ സംഭവിച്ചിരുന്നു.
വിചാരണ വേളയിൽ, പ്രതി കുറ്റം സമ്മതിക്കുകയും അപകട സമയത്ത് താൻ പൂർണമായി ശ്രദ്ധിച്ചിരുന്നില്ലെന്ന് സമ്മതിക്കുകയും ചെയ്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ കാലഹരണപ്പെട്ടതായും സ്ഥിരീകരിച്ച് യുവാവ് കോടതിയിൽ നിന്ന് ഇളവ് അഭ്യർഥിക്കുകയായിരുന്നു. പ്രതിയുടെ അശ്രദ്ധയാണ് അപകടത്തിന് നേരിട്ട് കാരണമായതെന്ന് സ്ഥിരീകരിച്ച ഔദ്യോഗിക ട്രാഫിക് റിപ്പോർട്ട്, സ്ഥലം സന്ദർശന രേഖകൾ, ഒരു ട്രാഫിക് അപകട വിദഗ്ധന്റെ സാക്ഷ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതിക്ക് ആകെ 1200 ദിർഹം പിഴയാണ് ചുമത്തിയത്. പിഴ മുഴുവനായും അടച്ച യുവാവിനെ ട്രാഫിക് പ്രോസിക്യൂഷൻ വഴി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.