ഗള്‍ഫിലേക്കുള്ള കാര്‍ഗോ പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന

ദുബൈ: വിദേശമലയാളികള്‍ക്ക്   വിഷു ആഘോഷത്തിനായി കേരളത്തില്‍ നിന്ന് കാര്‍ഗോ വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ ഇത്തവണ ഗണ്യമായ വര്‍ധന. മൂന്നു വിമാനത്താവളങ്ങളില്‍ നിന്നായി 6000 ടണ്ണിലധികം പച്ചക്കറികള്‍ ഗള്‍ഫിലേക്ക് മാത്രം വിഷു ആഘോഷത്തിനായി കയറ്റുമതി ചെയ്യപ്പെട്ടതായാണ് കണക്ക്. കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ നിന്ന് മാത്രം ഇത്തവണ 22 മുതല്‍ 25 ശതമാനം വര്‍ധനയാണ് കണക്കാക്കപ്പെടുന്നത് . ജി.എസ്​.ടി നടപ്പാക്കിയ ശേഷം കേരളത്തിലെ മൂന്ന് വിമാനത്താവള ങ്ങളിലെയും കാര്‍ഗോ വഴിയുള്ള കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് വിഷു പച്ചക്കറി കയറ്റുമതിയില്‍ വര്‍ധനവ് കാണുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.  

കഴിഞ്ഞ ഒന്നാം തീയതി മുതല്‍  ഇന്നലെ വരെ 2400 ടണ്ണിലധികം  വിഷു വിഭവങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നുമാത്രം  കയറിപോന്നിട്ടുണ്ടാവുമെന്ന് ഏജന്‍സികള്‍ പറയുന്നു. സാധാരണ ദിവസങ്ങളില്‍ 130-^150ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിപ്പോകുന്നത്.  ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് വന്‍ ഡിമാൻറാണ്.  കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ ഗള്‍ഫ് നാടുകളിലെത്തിക്കുന്നത്. കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം വിഷുവിഭവങ്ങള്‍ കയറ്റിയയക്കുന്നുണ്ട്. കൊച്ചിയിൽ നിന്നു കപ്പൽമാർഗമുള്ള കയറ്റുമതി യൂറോപ്പ്, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.  

     കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍  വഴിയാണ് ഇത്തവണയും  സാധനങ്ങള്‍ കൂടുതലും എത്തിയതെന്ന് വ്യാപാരികള്‍ പറഞ്ഞു .  ആനുപാതികമായി കരിപ്പൂരിലും ഈ വര്‍ഷം കയറ്റുമതി വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട് .  ഓണത്തിന് ഓണപ്പൂക്കള്‍ പോലെ വിഷുവിന് കണിക്കൊന്നയും, കണിവെള്ളരിയും, കണിച്ചക്കക്കുമാണ് ആവശ്യക്കാരേറെയുള്ളത്. മാങ്ങ, വാഴത്തട്ട, പച്ചക്കായ , ചക്ക, ചക്കക്കുരു ,ഇടിച്ചക്ക,  മുരിങ്ങ, അണ്ടിയോടുകൂടിയ പറങ്കിമാങ്ങ, നാക്കില  , വാഴത്തട്ട,  അമര, നേന്ത്രക്കായ, അച്ചിങ്ങ, വെണ്ട,  കുമ്പളം, മത്തന്‍, കൊത്തവര, ചുവന്ന ഉള്ളി, ചേമ്പ്, ചേന ,  പഴവര്‍ഗങ്ങള്‍ തുടങ്ങി വാഴയിലവരെ ഗള്‍ഫിലേക്ക് പറന്നെത്തി. വിഷു സ്പെഷ്യലായി തെങ്ങിന്‍ പൂക്കുലയും നാടന്‍ ചക്കയുമെല്ലാമുണ്ട്. നാടന്‍ ചക്കക്ക് ഗള്‍ഫ് വിപണിയില്‍ നേരത്തെ തന്നെ ഡിമാൻറാണ്.  പായസക്കൂട്ട്, ഉപ്പേരി, ശര്‍ക്കരവരട്ടി, അച്ചാറുകള്‍ , പപ്പടം , പാലട ,വിഷു വസ്ത്രങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ നേരത്തെ തന്നെ വിപണിയില്‍ എത്തിയിരുന്നു. കണിക്കൊന്ന ഏറ്റവും കൂടുതല്‍ കയറിവന്നത് ഇന്നലെയും മിനിയാന്നുമാണ് .

കടുത്ത വേനല്‍ മൂലം പൂക്കള്‍  വാടാതിരിക്കാനാണിത്.  കോഴിക്കോട്,  മലപ്പുറം,  പാലക്കാട് ജില്ലകളില്‍ നിന്നാണ് കണിക്കൊന്ന ശേഖരിക്കുന്നത്. വിവിധ സഹകരണ സംഘങ്ങള്‍ വഴി കൃഷി ചെയ്യുന്ന പച്ചക്കറികളാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.  
മലബാറിലെയും ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെയും ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ ശേഖരിക്കുന്നുണ്ട്.  തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്നതുമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രത്യേകം പാക്ക് ചെയ്ത് സുരക്ഷിതമായാണ് ഗള്‍ഫിലേക്ക് അയക്കുന്നത്. നാടന്‍ ഇനങ്ങള്‍  പൂര്‍ണമായും നാട്ടിന്‍ പുറങ്ങളിലെ ഏജൻറുമാരില്‍ നിന്ന് ശേഖരിച്ചാണ് എത്തിക്കുക. വാഴയില വിതരണത്തിന് മാത്രമായി ഏജൻറുമാരുണ്ട്.  അതേസമയം പച്ചക്കറിയുടെ ദൗര്‍ലഭ്യവും കാര്‍ഗോ കയറ്റുമതിയിലെ അമിത ചാര്‍ജും നിയന്ത്രണവും  കയറ്റുമതി ഏജന്‍സികളെ ബാധിച്ചിട്ടുണ്ട്.  കയറ്റുമതി തീരുവയും മറ്റും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ പലര്‍ക്കും ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാനാവുന്നില്ലെന്ന് ഏജൻറുമാരും തൊഴിലാളികളും പറയുന്നു.

Tags:    
News Summary - vegetables-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.