യു.എ.ഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ സ്വീകരിക്കുന്നു

ഊർജ ​പ്രതിസന്ധി പരിഹരിക്കാൻ യു.എ.ഇയുമായി കൈകോർത്ത് ഇന്ത്യ​​

ദുബൈ: പശ്ചിമേഷ്യയിലെ സംഘർത്തെ തുടർന്ന്​ ഉടലെടുത്ത ഊർജ പ്രതിസന്ധി പരിഹരിക്കാൻ യു.എ.ഇയുമായി ​കൈകോർത്ത്​ ഇന്ത്യ. ഊർജ, പ്രതിരോധ സഹകരണം ശക്​തിപ്പെടുത്തുന്നതിനായി നിർണായകമായ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനവേളയിലാണ്​ സുപ്രധാനമായ കരാറുകൾ യാഥാർഥ്യമായത്​. 

ഇന്ത്യയിലെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയിലെ ഇന്ധന സംഭരണ ശേഷി ഉയർത്തുമെന്ന്​ യു.എ.ഇ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി എൽ.പി.ജി, എൽ.എൻ.ജി സംഭരണികൾ യു.എ.ഇ ഇന്ത്യയിൽ നിർമിക്കും​. മൊത്തം​  5,00 കോടി ഡോളറിന്‍റെ നിക്ഷേപം യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്കൊഴുകുമെന്ന്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ ആർ.ബി.എൽ ബാങ്കിന്‍റെ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി​ എമിറേറ്റ്​സ്​ എൻ.ബി.ഡിയാണ്​ 300 കോടി ഡോളർ നിക്ഷേപിക്കുക​. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നാഷനൽ ഇൻഫ്രാസ്​ട്രക്​ചർ ആൻഡ്​ ഇൻവെസ്റ്റ്​മെന്‍റ്​ ഫണ്ട്​ ഓഫ്​ ഇന്ത്യ (എൻ.ഐ.ഐ.എഫ്​)യിൽ അബൂദബി ഇൻവെസ്റ്റ്​മെന്‍റ്​ അതോറിറ്റി (എ.ഡി.ഐ.എ) 100 കോടി ഡോളറും സമ്മാൻ കാപ്പിറ്റൽ ഓഫ്​ ഇന്ത്യയിൽ ഇന്‍റർനാഷനൽ ഹോൾഡിങ്​ കമ്പനി 100 കോടിയും നിക്ഷേപിക്കും. കൊച്ചിൻ ഷിപ്പ്​യാർഡിന്‍റെ ശേഷി വർധിപ്പിക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്​. ഗുജറാത്തിൽ ഇരു രാജ്യങ്ങളും ചേർന്ന് ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കാനും കരാറായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു

വെള്ളിയാഴ്ച രാവിലെ അബൂദബി സായിദ്​ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക്​ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നേതൃത്വത്തിൽ വൻ സ്വീകരണമാണ്​ ഒരുക്കിയിരുന്നത്​. പ്രധാനമന്ത്രിക്ക്​ അകമ്പടിയായി യു.എ.ഇയുടെ എഫ്​ 16 സൈനിക വിമാനങ്ങൾ ആകാശത്ത് അകമ്പടിയായെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്‍റുമായി അദ്ദേഹം രണ്ട്​ മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മൈത്രി പദ്ധതി ഉപയോഗിച്ച്​ വെർച്വൽ ​ട്രേഡ്​ ഇടനാഴി പ്രവർത്തന ക്ഷമമാക്കുന്നതിനെ ഇരുവരും സ്വാഗതം ചെയ്തു. ഇരു ഭാഗത്തു നിന്നുമുള്ള കസ്റ്റംസിനെയും തുറമുഖ അതോറിറ്റികളെയും ബന്ധിപ്പിക്കുന്ന ഈ ഡിജിറ്റൽ ചട്ടക്കൂട്​ ചരക്ക്​ നീക്കം സുഗമമാക്കുകയും ചെലവുകളും ഗതാഗത സമയവും കുറയ്ക്കുകയും അതുവഴി കൂടുതൽ കാര്യക്ഷമമായ വ്യാപാര നീക്കം സാധ്യമക്കുകയും ചെയ്യും.

ഏത് പ്രതിസന്ധി ഘട്ടത്തിലും യു.എ.ഇക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്‍റിന്​​ ഉറപ്പുനൽകി. യു.എ.ഇക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി ഐക്യത്തിനും പരമാധികാരത്തിനും രാജ്യ സുരക്ഷയ്ക്കും യു.എ.ഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്തു. യു.എ.ഇ തന്‍റെ രണ്ടാം വീടാണെന്ന് പറഞ്ഞ മോദി സംഘർഷസമയത്ത് ഇന്ത്യക്കാരെ ചേർത്ത് പിടിച്ചതിന് പ്രസിഡന്‍റിനോട് നന്ദി പറഞ്ഞു.

Tags:    
News Summary - India joins hands with UAE to solve the energy crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.