അബൂദബി: അടുത്ത വർഷം ജനുവരി മുതൽ അബൂദബിയിൽ നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് പുതിയ ഏകീകൃത കാർഡ് അനുവദിക്കും. ഫെഡറൽ, പ്രാദേശിക തലങ്ങളിൽ വ്യത്യസ്തമായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ സഹായിക്കുന്നതാണ് സംവിധാനം.
കുടുംബകാര്യ മന്ത്രാലയവും സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്ൾ ഓഫ് ഡിറ്റർമിനേഷനും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് പുതിയ കാർഡ് പുറത്തിറക്കുന്നത്. നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവരുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്ന കൂടുതൽ സമഗ്രവും കാര്യക്ഷമവുമായ ഒരു സംവിധാനം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സഹകരണത്തിന്റെ ഭാഗമായി ഇരുസ്ഥാപനങ്ങളും നിയമനിർമാണം, നിയന്ത്രണം, നടപടിക്രമങ്ങൾ രൂപപ്പെടുത്തൽ എന്നിവയിൽ ഒരുമിച്ചുപ്രവർത്തിക്കും. അബൂദബി താമസക്കാർക്ക് സായിദ് ഹയർ ഓർഗനൈസേഷൻ വഴിയാണ് കാർഡ് അപേക്ഷകൾ സ്വീകരിക്കുക. ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷനലുകളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി സംയുക്ത പരിശീലന പരിപാടികൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.
വിവിധ സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് പുറമെ, നിശ്ചയദാർഢ്യ വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ആശയവിനിമയ ചാനലുകൾ മെച്ചപ്പെടുത്തുന്നതിലും പ്രാദേശിക, അന്തർദേശീയ പരിപാടികളിൽ പങ്കെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹകരണത്തിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്.
മികച്ച സേവനം ഉറപ്പാക്കുന്നതിന് സംയോജിത ഡേറ്റ പ്ലാറ്റ്ഫോമുകൾ, മൊബൈൽ ആപ്പുകൾ പോലുള്ള മികച്ച സംവിധാനങ്ങൾ വികസിപ്പിക്കാനും രണ്ട് സ്ഥാപനങ്ങളും ലക്ഷ്യമിടുന്നുണ്ട്.
പരിചരണ, പുനരധിവാസ കേന്ദ്രങ്ങൾ നവീകരിക്കുക, കൂടുതൽ സമഗ്രമായ വിദ്യാഭ്യാസ പാഠ്യപദ്ധതി വികസിപ്പിക്കുക, കൂടുതൽ സാമൂഹിക ധാരണ പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്കരണ കാമ്പയിനുകൾ ആരംഭിക്കുക എന്നിവക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.