ദുബൈ: ഇസ്രായേലും ഇറാനും തമ്മിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യു.എ.ഇ. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്ന ഒരു ചുവടുവെപ്പാണിതെന്നും പ്രാദേശിക സ്ഥിരതക്ക് അനുകൂലമായ ഒരു അന്തരീക്ഷത്തിന് വെടിനിർത്തൽ വഴിയൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു.
വെടിനിർത്തലിന് നയതന്ത്ര ഇടപെടൽ നടത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയെയും മന്ത്രാലം അഭിനന്ദിക്കുകയും ചെയ്തു. കൂടുതൽ സംഘർഷം തടയുന്നതിനും മേഖലയിൽ മാനുഷിക, സുരക്ഷ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഫലപ്രദമായ ഏകോപനം തുടരണമെന്നും പ്രസ്താവന വ്യക്തമാക്കി. വികസന സാധ്യതകളെ തടസ്സപ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുകയും ചെയ്യുന്ന സംഘർഷങ്ങൾ തടയുന്നതിന് പരമാവധി സംയമനം പാലിക്കണമെന്നും രാഷ്ട്രീയ പരിഹാരങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻഗണന നൽകണമെന്നുമുള്ള യു.എ.ഇയുടെ നിലപാട് മന്ത്രാലയം ആവർത്തിച്ചു.
അതിനിടെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ ഫോണിൽ വിളിച്ച് സംസാരിച്ചു. വെടിനിർത്തൽ സ്വാഗതം ചെയ്യുന്നതായി സംഭാഷണത്തിൽ ശൈഖ് മുഹമ്മദ് അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവ ശക്തമാക്കുന്നതിന് വെടിനിർത്തൽ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ കരാറിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ടെന്നും, സമാധാനത്തിനും മേഖലയുടെ സുരക്ഷക്കുമുള്ള സംരംഭങ്ങൾക്ക് യു.എ.ഇയുടെ തുടർച്ചയായ പിന്തുണയുണ്ടാകുമെന്നും യു.എ.ഇ പ്രസിഡന്റ് വ്യക്തമാക്കി. യു.എ.ഇയുടെ നിലപാടിനും ഇസ്രായേൽ ആക്രമണത്തിന്റെ സമയത്തെ ഐക്യദാർഢ്യത്തിനും മസ്ഊദ് പെസശ്കിയാൻ നന്ദിയറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.