അബൂദബി: ഗസ്സ മുനമ്പിലെ ഹമാസ് ഉൾപ്പെടെയുള്ള മറ്റ് സായുധ സംഘങ്ങളുടെ നിരായുധീകരണവുമായി ബന്ധപ്പെട്ട് ബോർഡ് ഓഫ് പീസ് ചരിത്രപരമായ കരാറിൽ എത്തിയെന്ന പ്രഖ്യാപനത്തെ യു.എ.ഇ സ്വാഗതം ചെയ്തു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണിത്.
പ്രദേശത്തെ സംഘർഷം അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സുസ്ഥിരമായ സമാധാനത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നതിനുമുള്ള പ്രധാന നാഴികക്കല്ലാണ് ഈ ഘട്ടമെന്ന് യു.എ.ഇ വ്യക്തമാക്കി. ഈ കരാറിലേക്ക് എത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിന് പ്രസിഡന്റ് ട്രംപിനോട് യു.എ.ഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഒപ്പം, ഇരുപക്ഷവും തമ്മിലുള്ള ധാരണക്ക് വഴിയൊരുക്കിയ ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങളുടെ തീവ്രശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു.
ഘട്ടം ഘട്ടമായുള്ള നിരായുധീകരണം, ഇസ്രായേൽ സേനയുടെ പൂർണമായ പിന്മാറ്റം, ഗസ്സ മുനമ്പിലെ സുരക്ഷക്കായി പുതിയ ഫലസ്തീൻ പൊലീസിനൊപ്പം അന്താരാഷ്ട്ര സേനയെ വിന്യസിക്കൽ എന്നിവ ഉൾപ്പെടുന്നതാണ് ഈ സമാധാന കരാർ. ഇത് സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനും ഗസ്സയുടെ പുനർനിർമാണത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
മേഖലയിൽ സംഘർഷം കുറക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണക്കുമെന്ന യു.എ.ഇയുടെ ഉറച്ച നിലപാട് മന്ത്രാലയം ആവർത്തിച്ചു. ഗസ്സയിലെ ഫലസ്തീനികൾക്ക് അടിയന്തിരവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായങ്ങൾ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും യു.എ.ഇ ചൂണ്ടിക്കാട്ടി. ദ്വിരാഷ്ട്ര പരിഹാരത്തിൽ അധിഷ്ഠിതമായ നീതിയുക്തവും ശാശ്വതവുമായ രാഷ്ട്രീയ പരിഹാരമാണ് മേഖലയിലെ ജനങ്ങൾക്ക് സുരക്ഷയും സ്ഥിരതയും സമൃദ്ധിയും കൊണ്ടുവരികയെന്നും യു.എ.ഇ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.