ദുബൈ: വാരാന്ത്യ ദിവസങ്ങളിൽ യു.എ.ഇയിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാവിദഗ്ധരുടെ മുന്നറിയിപ്പ്. താപനില നാല്ഡിഗ്രി വരെ കുറയാനും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാനും സാധ്യതയുണ്ട്.
എന്നാൽ കനത്ത മഴ സാധ്യതയില്ല. വെള്ളിയാഴ്ച മുതലാണ് കാലാവസ്ഥ കൂടുതൽ ശൈത്യത്തിലേക്ക് മാറാൻ സാധ്യതയുള്ളത്. ഞായറാഴ്ച രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഫുജൈറയിലും ദിബ്ബയിലും മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷിണകേന്ദ്രം വക്താവ് വെളിപ്പെടുത്തി. ഫുജൈറയിലും ദിബ്ബയിലും അൽഐനിലെ ചിലയിടങ്ങളിലും രാവിലെ മുതൽ ഞായറാഴ്ച മഴ പെയ്യാൻ സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ന്യൂനമർദം കൂടുതൽ വികസിക്കുന്നതിനാൽ വ്യത്യസ്ത തീവ്രതയുള്ള മഴ റുവൈസ്, ഡാൽമ, ബനിയാസ് ദ്വീപുകൾ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ ലഭിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
ചൊവ്വാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചെറുതും വലുതുമായ രീതിയിൽ മഴ ലഭിച്ചുവരുന്നുണ്ട്. അബൂദബി, ദുബൈ, റാസൽഖൈമ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ ഭാഗങ്ങളിലുമാണ് ഇടിമിന്നലും താപനിലയിലെ കുറവും പ്രധാനമായും നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ഈ ആഴ്ച മുഴുവൻ മഴ സാധ്യതയുള്ള ദിവസങ്ങളാണെന്നും നേരേത്ത അറിയിച്ചിരുന്നു. ദ്വീപുകളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും കൂടുതലായി മഴ പ്രതീക്ഷിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും സമാനമായ കാലാവസ്ഥയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.