ദുബൈ: പുണ്യമാസത്തിൽ അധികരിച്ചുവരുന്ന ഭിക്ഷാടനത്തിന് തടയിടുന്നതിനായി പൊലീസ് ആരംഭിച്ച ഭിക്ഷാടന വിരുദ്ധ പദ്ധതിപ്രകാരമുള്ള നടപടികളുടെ ഭാഗമായി 242 യാചകർ ദുബൈയിൽ പിടിയിലായി. പദ്ധതിയിലെ പങ്കാളികളുമായി സഹകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ യാചകരെ വിവിധയിടങ്ങളിൽ നിന്നായി ദുബൈ പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ 143 പുരുഷന്മാരും 21 സ്ത്രീകളുമുണ്ട്. നടന്നുവിൽപന നടത്തുന്നവരും വഴിവാണിഭക്കാരുമായി 78 പേരും പിടിയിലായതായി ദുബൈ പൊലീസിലെ നുഴഞ്ഞുകയറ്റ വിരുദ്ധ വകുപ്പ് ഡയറക്ടർ കേണൽ അലി സലേം അൽ ഷംസി പറഞ്ഞു.
ദുബൈയിലെ ഭിക്ഷാടന ഹോട്സ്പോട്ടുകൾ കണ്ടെത്തുന്നതിനായി നടത്തിയ കാമ്പയിനിലാണ് ഇത്രയും പേരെ പിടികൂടിയതെന്നും അദ്ദേഹം അറിയിച്ചു. റമദാൻ മാസത്തിൽ രണ്ടു തവണയായി നടത്തിയ പരിശോധനയിലാണ് ഇത്രയും ഭിക്ഷാടകരെ കണ്ടെത്തിയത്. റമദാൻ മാസത്തിൽ പൊതുജനങ്ങളുടെയും വിശ്വാസികളുടെയും വികാരം ചൂഷണം ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് അൽ ഷംസി കർശന മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരും.
പണവും മറ്റും നൽകി യാചകരെ സഹായിക്കുന്നത് അവസാനിപ്പിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നതിനായി, ഭിക്ഷാടനം തുടരുന്നവരെ ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എമിറേറ്റിലെ ഏതെങ്കിലും ഭാഗത്ത് യാചിക്കുന്നവരെ കണ്ടെത്തിയാൽ 901 എന്ന നമ്പറിലോ ദുബൈ പൊലീസ് ആപ് ‘പൊലീസ് ഐ’ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് അൽ ഷംസി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.