ദുബൈ: ട്രക്കുകളുമായി ബന്ധപ്പെട്ട ഗതാഗത അപകടങ്ങളില്‍ കഴിഞ്ഞ വർഷം 20 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു.
ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും നൽകി വരുന്ന പരിശീലനവും ട്രാഫിക് ബോധവത്കരണവുമാണ് അപകടങ്ങൾ കുറക്കാൻ കാരണം. കഴിഞ്ഞ വര്‍ഷം 30ലേറെ ബോധവത്കരണ പ്രചാരണങ്ങളാണ് ആർ.ടി.എ സംഘടിപ്പിച്ചത്. പെട്ടെന്നുള്ള ലൈൻ മാറ്റം, മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളുണ്ടാക്കുന്ന അപകടങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണങ്ങള്‍. ഇത് കൂടാതെ ഗതാഗത ഒഴുക്ക് തടസ്സപ്പെടാതിരിക്കാനും സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ആറ് പ്രധാന സ്ഥലങ്ങളിലായി 14 ട്രക്ക് വിശ്രമ കേന്ദ്രങ്ങളും സ്ഥാപിച്ചു. ഇത് ഗതാഗതം സുഗമമാക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ചു. ക്രമരഹിതമായ പാര്‍ക്കിങ് പ്രവണതകള്‍ കണ്ടെത്താന്‍ വിപുലമായ പരിശോധനാ ക്യാമ്പയിനുകളും നടത്തി.
ജബല്‍ അലി മൂന്ന്, സെഹ് ശുഐബ്, മദീനത്ത് ഹിന്ദ് രണ്ട് എന്നീ പ്രദേശങ്ങളിലായി മൂന്ന് പുതിയ സംയോജിത ട്രക്ക് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് ആര്‍.ടി.എ. ഈ മാസമാദ്യം അറിയിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ 2,10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കേന്ദ്രങ്ങള്‍ നിര്‍മിക്കുക. എമിറേറ്റിന്‍റെ ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ട്രക്ക് ഡ്രൈവര്‍മാരുടെ സുരക്ഷ, സുഖ സൗകര്യങ്ങള്‍, പ്രവര്‍ത്തനക്ഷമത എന്നിവ വര്‍ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്യുന്ന വിശ്രമകേന്ദ്രങ്ങളില്‍ മൊത്തം 490 ട്രക്കുകളെ ഉള്‍കൊള്ളാന്‍ കഴിയും. നിലവില്‍ 85,000 ട്രക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഗതാഗതകുരുക്കും ക്രമരഹിതമായ പാര്‍ക്കിങ്ങും ഒഴിവാക്കാനും സുസ്ഥിര വിതരണ ശൃംഖലയെ പിന്തുണയ്ക്കാനും പുതിയ പദ്ധതി ഫലപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.