ദുബൈ: കോവിഡിനെതിരായ മുൻകരുതൽ-പ്രതിരോധ നടപടികൾ സ്വീകരിക്കാതെ വീഴ്ചവരുത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ മൂന്നാംദിവസവും ദുബൈയിൽ നടപടി. ദുബൈ എക്കണോമിയിലെ കമേ ഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) നടത്തിയ പരിശോധനയിൽ മേഖലയിലെ 13 വ്യാപാരസ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. 211ൽപരം സ്ഥാപനങ്ങൾക്ക് മുന്നറയിപ്പ് നൽകിയതായും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ തികഞ്ഞ അലംഭാവം കാട്ടിയ 18സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയതായും ദുബൈ എക്കണോമി അറിയിച്ചു.
ദുബൈയിലെ ഷോപ്പിങ് മാളുകളിലും ഹൈ സ്ട്രീറ്റ് മാർക്കറ്റുകളിലും സി.സി.സി.പി നടത്തിയ പരിശോധനയിൽ ഫേസ് മാസ്കുകളും ൈകയുറകളും ധരിക്കുന്നതിൽ പലരും ജാഗ്രത പുലർത്തുന്നില്ലെന്ന് കണ്ടെത്തി. സാമൂഹിക അകലം പാലിക്കുന്നതിനും പ്രമോഷൻ വിൽപന ഇല്ലാതാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ട്രയൽ റൂമുകൾ തുറന്നതിനെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സത്വ, അൽറഫ, സൂഖ് അൽകബീർ, കറാമ, അൽഖിസൈസ്, അലാസ്, ഹോർ അൽ അൻസ്, ഫ്രിജ് മുറാർ, അൽബറാഹ, റാഷിദിയ്യ, അൽമുതീന, അബു ഹെയ്ൽ, നാഇഫ്, ജുമൈറ, അൽ വാസിൽ, ഖവാനീജ്, ഇൻറർനാഷനൽ സിറ്റി, അവീർ എന്നിവിടങ്ങളിലെ ലോൺട്രി, റെഡിമെയ്ഡ് വസ്ത്രവ്യാപാരം, മൊബൈൽ ഫോൺ, ധാന്യം, ലോക്കുകൾ നന്നാക്കൽ, കെട്ടിട മെറ്റീരിയൽ വ്യാപാരം, ഇലക്ട്രോണിക്സ് നന്നാക്കൽ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ദേര, ബർദുബൈ എന്നിവിടങ്ങളിലെ എട്ട് ഷോപ്പിങ് മാളുകളിലും സംഘം പരിശോധന സംഘടിപ്പിച്ചു.
സാമൂഹിക ബോധവത്കരണ സ്റ്റിക്കറുകളും മുൻകരുതൽ നടപടികളും നിലവിൽവരുത്തിയിട്ടില്ലാത്ത 111 ഔട്ട്ലറ്റുകൾക്കും മുന്നറിയിപ്പ് നൽകി. രാവിലെ വിപണി ആരംഭിച്ചയുടൻ തുടങ്ങിയ പരിശോധന വിപണി അടയ്ക്കുന്നതുവരെ തുടർന്നു. ഫേസ് മാസ്കുകളും കൈയുറകളും ധരിക്കുക, സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കുക, അണുനശീകരണ യജ്ഞം നടക്കുന്ന സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുക തുടങ്ങി മുൻകരുതൽ നടപടികൾ പാലിക്കാൻ ദുബൈ എേക്കാണമി വ്യാപാരികളോട് നിർദേശിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 26 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ചിരുന്നു. ഗൗരവതരമായ അനാസ്ഥ കാട്ടിയ 14 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയ സംഘം, 234ൽപരം സ്ഥാപനങ്ങൾക്ക് കർശനമായ മുന്നറിയിപ്പും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.