ലോകമാമാങ്കത്തിന്‍റെ കലാശപ്പോരിന് ഇന്ന് കളമുണരുമ്പോൾ കണ്ണും കാതും കൂർപ്പിച്ച് യു.എ.ഇയും ഒപ്പമുണ്ട്. ഒരു മാസമായി യു.എ.ഇക്കും ആഘോഷമായിരുന്നു ലോകകപ്പ്. ഫാൻ സോണുകളും ഫാൻ ഫെസ്റ്റും ഹോട്ടലുകളിലുമെല്ലാം ആരവങ്ങളാൽ നിറഞ്ഞു. ഇന്ന് കലാശപ്പോരും ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇക്കാർ. ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി ചില വിവരങ്ങൾ...
ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്നത് ദുബൈ ഹാർബറിലാണ്. ഇവിടെ 10,000 പേർക്കിരുന്ന് കളി കാണാം. 330 ചതുരശ്ര മീറ്ററുള്ള സ്ക്രീനിലാണ് പ്രദർശനം. ഇതിന് പുറമെ ലോകോത്തര കലാകാരൻമാരുടെ ഡി.ജെയും അരങ്ങേറുന്നുണ്ട്. ഭക്ഷണ സൗകര്യവും ഒരുക്കിയിരിക്കുന്ന ഇവിടെ ടിക്കറ്റെടുത്താണ് പ്രവേശനം. 78 ദിർഹം മുതലാണ് പ്രവേശന ഫീസ്. പ്ലാറ്റിനംലിസ്റ്റിന്‍റെ വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആറ് നഗരങ്ങളിൽ മാത്രമാണ് ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്നത്.
പതിനായിരത്തോളം പേർക്ക് ഒരേസമയം കളികാണാൻ എക്സ്പാ സിറ്റിയിൽ സൗകര്യമുണ്ട്. ഫുട്ബാൾ ആരവങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് ഫാൻ സിറ്റി ഒരുക്കിയിരിക്കുന്നത്. എക്സ്പോ 2020 മഹാമേള നടന്നപ്പോൾ ലോകോത്തര സംഗീത മേളകൾ അരങ്ങേറിയ ജൂബിലി പാർക്കിലാണ് ഫൈനൽ കാണാൻ അവസരം. ഭീമൻ സ്ക്രീന് പുറമെ കാണികളുടെ ആരവവും കമന്‍ററിയും ആസ്വദിക്കാൻ ഡിജിറ്റൽ ശബ്ദ സംവിധാനങ്ങളുമുണ്ട്. ബീൻ ബാഗിലിരുന്നും കളി ആസ്വദിക്കാം. വിഭവ സമൃദ്ധവും വ്യത്യസ്തവുമായ ഭക്ഷണങ്ങളുമായി ഫുഡ് ട്രക്കുകളുമുണ്ട്.
എക്സ്പോയുടെ ഉദ്ഘാടന, സമാപന ചടങ്ങുകൾ നടന്ന അൽവാസൽ ഡോമിൽ 2500 പേർക്ക് കളി കാണാൻ കഴിയും. നാല് കൂറ്റൻ സ്ക്രീനുകളാണ് അൽവാസലിൽ കളി ആസ്വാദർക്കായി ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്‍റെ ഗ്രാഫിക്സുകൾ താഴികക്കുടങ്ങളിൽ മിന്നിമറയും. മത്സരത്തിന് മുൻപും ശേഷവും വിവിധ വിനോദ പരിപാടികളും നടക്കുന്നുണ്ട്. ഫാൻസിറ്റിയിലേക്ക് പ്രവേശിക്കുന്നതിന് 30 ദിർഹമാണ് ഫീസ്. 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യം. പ്ലാറ്റിനംലിസ്റ്റിന്‍റെ (Platinumlist) വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം.
സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പാണ് അബൂദബിയിൽ ഫാൻ സോൺ സജ്ജമാക്കിയിരിക്കുന്നത്. യാസ് ഐലൻഡിലെ യാസ് ലിങ്കിലെ ഈ സോണിൽ 2000 പേർക്ക് ഒരേ സമയം കളി ആസ്വദിക്കാം. മിറാൽ, എ.ബി ഐ.എൻ.ബി.ഇ.വി എന്നിവയുമായി ചേർന്നാ ഫാൻ സോൺ. 16 മീറ്റർ വീതിയും ഒമ്പത് മീറ്റർ ഉയരവുമുള്ള ബിഗ് സ്ക്രീനിലാണ് കളി. രാജ്യത്തെ ഏറ്റവും വലിയ ഔട്ട് ഡോർ സ്ക്രീനുകളിലൊന്നാണിത്. 50 ദിർഹം മുതലാണ് പ്രവേശന നിരക്ക്. Platinumlistന്‍റെ വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കാം.
ദുബൈയുടെ ഫിനാൻഷ്യൽ ഹബ്ബായ ഡി.ഐ.എഫ്.സിയിൽ ഫുട്ബാൾ പാർക്ക് തന്നെ ഒരുക്കിയിരിക്കുന്നു. ഓടി നടന്ന് 30 സ്ക്രീനുകളിൽ കളി കാണാം. മുൻകൂർ ബുക്ക് ചെയ്ത ശേഷം വേണം എത്താൻ. ഭക്ഷണം ഉൾപെടെ ഫുൾ പാക്കേജും ഇവിടെ ലഭ്യം. 350 ദിർഹം മുതലാണ് പാക്കേജ് ആരംഭിക്കുന്നത്.
വോക്സ് സിനിമാസിന്‍റെ തീയറ്ററുകളിലും ഫൈനൽ കാണാം. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ വോക്സ് തീയറ്ററുകളിൽ ഇതിനുള്ള സംവിധാനമുണ്ടാകും. ബീൻ സ്പോർട്സുമായി ചേർന്നാണ് സംപ്രേക്ഷണമൊരുക്കുന്നത്. 59 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.
മറീനയിലെ ഹൽട്ടൺ ദുബൈയിൽ മെഗാ ഫാൻ സോണാണ് ഒരുക്കിയിരിക്കുന്നത്. തുറസായ സ്ഥലത്ത് നിരവധി സ്ക്രീനുകൾ സ്ഥാപിച്ചാണ് പ്രദർശനം. ഐൻ ദുബൈയുടെ പശ്ചാത്തലത്തിലാണ് ഫാൻ സോൺ. 550 പേർക്ക് ഒരേ സമയം കളി കാണാം. ഭക്ഷണം ഉൾപെടെ 100 ദിർഹം മുതൽ വിവിധ പാക്കേജുകളുണ്ട്.
ദുബൈ സ്പോർട്സ് സിറ്റിയിലെ ദ സ്ക്വയറിൽ 5000 പേർക്ക് കളി കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി ഒന്നിൽ കൂടുതൽ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുന്നു. വിവിധ പാക്കേജുകളുണ്ട്. ഭക്ഷണം ഉൾപെടെ വി.ഐ.പി പാക്കേജും ആസ്വദിക്കാം.
മീഡിയ സിറ്റിയിലെ ആംഫി തീയറ്റിലാണ് മക് ഗെറ്റിഗൻസിന്‍റെ നേതൃത്വത്തിൽ ഫാൻ സോൺ തുറന്നിരിക്കുന്നത്. കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടമായിരിക്കും ഇത്. യു.എ.ഇയിലെ ഏറ്റവും വലിയ സ്ക്രീനുകളിലൊന്നും ഇവിടെയുണ്ട്. ഫുഡ് ട്രക്കുകളും മത്സരങ്ങളും തത്സമയ സംഗീത പരിപാടികളും ഇവിടെയുണ്ടാകും.
സിലിക്കൺ ഒയാസീസിലെ റാഡിസൺ റെഡ് ഹോട്ടലിന് സമീപത്ത് ഫാൻ സോൺ ഒരുക്കിയിട്ടുണ്ട്. ബീൻ ബാഗിൽ ഇരുന്നും കിടന്നുമെല്ലാം കളി കാണാം. പ്രവേശനം സൗജന്യമാണെങ്കിലും നേരത്തെ എത്തിയില്ലെങ്കിൽ നിൽക്കാൻ പോലും സ്ഥലം ലഭിക്കില്ല.
ദുബൈയിലെ മിർദിഫ് സിറ്റി സെന്‍ററിലെ മാളിൽ കളി ആസ്വദിക്കാം. ടെറസിലാണ് കൂറ്റൻ സ്ക്രീൻ ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമെല്ലാം ഉല്ലസിച്ച് ഫൈനൽ കാണാം. ദിവസവും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് സമ്മാനവുമുണ്ട്. സിറ്റി സെന്‍ററിൽ നേരിട്ടെത്തി ടിക്കറ്റെടുക്കാം.
ദുബൈ ഗ്ലോബൽ വില്ലേജിലും ഫാൻ സോണുണ്ട്. ഗ്ലോബൽ വില്ലേജിന്‍റെ ടിക്കറ്റെടുത്ത് കയറുന്ന ആർക്കും ബിഗ് സ്ക്രീനിൽ കളി കാണാം. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഫുട്ബാൾ ആവേശം അലയടിച്ചിരുന്നു.
അഡ്രസ് ദുബൈ മാൾ, ദ പാം, അറ്റ്ലാൻറിസ് വേവ് ഹൗസ്, ദുബൈ പോളോ ആൻഡ് ഇക്വസ്റ്ററിയൻ ക്ലബ്ബ്, ഹബ്തൂർ പാലസ്, ഹയാത്ത് റിജൻസി, വിദ ക്രീക്ക് ഹാർബർ,ഹയാത്ത് പാലസ്, മൂവ് എൻ പിക്ക് ഹോട്ടൽ.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ കൂറ്റൻ സ്ക്രീനാണ് കളി കാണാൻ ഒരുക്കുയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനാളുകൾ ഇവിടെ ആവേശം വിതറാൻ എത്തിയിരുന്നു. മലയാളി ഫാൻസുകൾ തമ്മിലുള്ള വാഗ്വാദങ്ങളുടെയും ആവേശങ്ങളുടെയും കാഴ്ച കൂടിയാണ് ഇവിടെ. കഴിഞ്ഞ മത്സരങ്ങളിലേതിനേക്കാൾ വലിയ സ്ക്രീൻ ഫൈനലിൽ ഒരുക്കുമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.