ദുബൈ: യുക്രെയ്നിലെ യുദ്ധബാധിത മേഖലകളിലെ സാധാരണക്കാരെ സഹായിക്കാനായി യു.എ.ഇ 2500 ഇലക്ട്രിക് ജനറേറ്ററുകൾ അയക്കും. റഷ്യ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്തിന്റെ വിവിധ മേഖലകൾ കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ സാഹചര്യം കൂടുതൽ പ്രയാസകരമായത് പരിഗണിച്ചാണ് ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ജനറേറ്ററുകൾ അയക്കാൻ തീരുമാനിച്ചത്. 3.5 മുതൽ എട്ട് കിലോവാട്ടുവരെ പവർ ഔട്ട്പുട്ടുള്ള ജനറേറ്ററുകളാണ് യു.എ.ഇ നൽകുന്നത്. പ്രയാസകരമായ സാഹചര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളോട് ഐക്യദാർഢ്യപ്പെടുന്ന രാജ്യത്തിന്റെ നയത്തിന്റെ ഭാഗമായാണ് സഹായം എത്തിക്കുന്നതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി പറഞ്ഞു. പ്രതിസന്ധിയുടെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1,200 ജനറേറ്ററുകൾ ശനിയാഴ്ച പോളണ്ട് തലസ്ഥാനമായ വാർസോയിലേക്ക് കൊണ്ടുപോകും. ബാക്കിയുള്ളവ ജനുവരിയിലാണ് കൈമാറാൻ പദ്ധതിയിടുന്നത്. യുക്രെയ്നിൽ 100 മില്യൻ ഡോളറിന്റെ മാനുഷിക സഹായം വിതരണം ചെയ്യുമെന്ന് ഒക്ടോബറിൽ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജനറേറ്ററുകൾ വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കുന്നത്. ജൂണിൽ ബൾഗേറിയയിലും പോളണ്ടിലും അഭയം തേടിയ യുക്രെയിനികൾക്കും സഹായം എത്തിച്ചിരുന്നു. ഒക്ടോബറിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എല്ലാ മാനുഷിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.