അബൂദബി: നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 100 ദശലക്ഷം കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ. 2030ഓടെ രാജ്യത്ത് 100 ദശലക്ഷം കണ്ടൽതൈകൾ വെച്ചുപിടിപ്പിക്കുമെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ജുബൈൽ പാർക്കിലെ കണ്ടൽക്കാട് പ്രദേശങ്ങൾ യു.എ.ഇ കാലാവസ്ഥ വ്യതിയാന സമിതി അംഗങ്ങൾ സന്ദർശിച്ചതിനു പിന്നാലെയാണ് കണ്ടൽമരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള നാഷനൽ കാർബൺ സെക്കസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ചത്.
ജുബൈൽ ദ്വീപിൽ ചേർന്ന രണ്ടാമത് യു.എ.ഇ കാലാവസ്ഥ വ്യതിയാന കൗൺസിൽ യോഗ ശേഷമായിരുന്നു അംഗങ്ങൾ കണ്ടൽക്കാടുകൾ സന്ദർശിച്ചത്. പാരിസ്ഥിതിക വെല്ലുവിളികളെ പരിസ്ഥിതി അടിസ്ഥാനമായ പരിഹാരങ്ങളിലൂടെ നേരിടുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് നടപടി.
കാട്ടുമരങ്ങളേക്കാൾ അഞ്ചിരട്ടിയിലധികം കാർബൺ വലിച്ചെടുക്കാൻ കണ്ടൽമരങ്ങൾക്കാവും എന്നതാണ് ഇത്തരമൊരു തീരുമാനത്തിനു കാരണം. കണ്ടൽക്കാട് വെച്ചുപിടിപ്പിക്കുന്ന പ്രദേശങ്ങൾ വിലയിരുത്തുക, കണ്ടൽ വിത്തുകളും തൈകളും ഉൽപാദിപ്പിക്കുക, തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ വിത്തുകളും തൈകളും നടുക, നട്ട തൈകളും അവ പിടിച്ചെടുക്കുന്ന കാർബണിന്റെ അളവും നിരീക്ഷിക്കുക എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് പദ്ധതിക്കുള്ളത്. നടത്തിപ്പിനായി സർക്കാർ, സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും സഹകരണം അധികൃതർ ഉറപ്പുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.