അബൂദബി: ധനകാര്യ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട സൈബര്‍ ആക്രമണങ്ങളെ രാജ്യം വിജയകരമായി ചെറുത്തുതോല്‍പ്പിച്ചതായി യു.എ.ഇ. സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. ദേശീയ സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെ മികവിലാണ് രാജ്യത്തെ നിര്‍ണായക ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറുകളെയും ധനകാര്യ സേവനങ്ങളെയും ബാധിക്കുമായിരുന്ന വലിയ സുരക്ഷാ ഭീഷണി ഇല്ലാതാക്കിയത്. ഇതോടെ രാജ്യത്തെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സുരക്ഷിതത്വവും ധനകാര്യ മേഖലയുടെ സ്ഥിരതയും പൂര്‍ണമായി ഉറപ്പാക്കാനും സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാനും സാധിച്ചു.
ദേശീയ സൈബര്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി കൃത്യമായ സമയത്ത് തന്നെ ആക്രമണങ്ങള്‍ കണ്ടെത്താനും അവയുടെ സ്വാധീനം പരിമിതപ്പെടുത്തി നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞതായി കൗണ്‍സില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ സംവിധാനങ്ങളെയും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍, വ്യാജ സന്ദേശങ്ങള്‍ വഴിയുള്ള ഫിഷിങ് കാമ്പയിനുകൾ, സുരക്ഷാ വീഴ്ചകള്‍ മുതലെടുക്കല്‍, അപകടകാരികളായ സോഫ്റ്റ്വെയറുകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് സൈബര്‍ അക്രമികള്‍ ലക്ഷ്യമിട്ടത്. ആഗോളതലത്തില്‍ സൈബര്‍ സുരക്ഷാ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ അക്രമികള്‍ വ്യാപകമായി നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, തന്ത്രപ്രധാന പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്നാണ് ദേശീയ സൈബര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഭീഷണികളെ മുന്‍കൂട്ടി കാണാനും സൈബര്‍ സുരക്ഷാ വിവരങ്ങള്‍ പരസ്പരം പങ്കുവെക്കാനും ഡിജിറ്റല്‍ ആസ്തികളെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ രാജ്യം ശക്തമായി തുടരുകയാണ്. മുഴുവന്‍ സ്ഥാപനങ്ങളും ദേശീയ സൈബര്‍ സുരക്ഷാ നയങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണം. ഒപ്പം, സുരക്ഷാ സംവിധാനങ്ങള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു. സംശയാസ്പദ രീതിയിലുള്ള ഏതൊരു സൈബര്‍ നീക്കവും ഔദ്യോഗിക ചാനലുകള്‍ വഴി ഉടനടി റിപോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.