ലോക സർക്കാർ ഉച്ചകോടിയിൽ ഐ.സി.പി പ്രതിനിധികൾ
ദുബൈ: പരിസ്ഥിതി സംരക്ഷകർക്കായി പ്രഖ്യാപിച്ച പത്ത് വർഷം കാലാവധിയുള്ള ‘ബ്ലൂ വിസ’ വിതരണത്തിനായുള്ള ആദ്യ ഘട്ട നടപടികൾ ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. 20 പരിസ്ഥിതി സംരക്ഷണ പ്രവർത്തകർക്കായിരിക്കും ആദ്യഘട്ടത്തിൽ ബ്ലൂ വിസ സമ്മാനിക്കുക. ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.
സുസ്ഥിരതക്കും പരിസ്ഥിതി സംരക്ഷണത്തിനും മികച്ച സംഭാവനകൾ അർപ്പിച്ച രാജ്യത്തിനകത്തും പുറത്തുമുള്ള വ്യക്തികൾക്കായി ഗോൾഡൻ വിസ മാതൃകയിൽ രൂപകൽപന ചെയ്ത പത്തുവർഷ കാലാവധിയുള്ള റസിഡൻസി വിസയാണ് ബ്ലൂ വിസ.
രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയിലെ അംഗങ്ങൾ, അന്താരാഷ്ട്ര കമ്പനികൾ, വിവിധ അസോസിയേഷനുകളിലെയും സർക്കാർ ഇതര സംഘടനകളിലെയും അംഗങ്ങൾ, പരിസ്ഥിതി സംരക്ഷണരംഗത്ത് ആഗോള പുരസ്കാര ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനങ്ങളിലെ വിശിഷ്ട വ്യക്തികൾ, ഗവേഷകർ എന്നിവർ ഉൾപ്പെടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണക്കുന്നവർക്കാണ് പുതിയ വിസക്ക് അർഹത.
താൽപര്യമുള്ള പരിസ്ഥിതി പ്രവർത്തകർക്കും വിദഗ്ധർക്കും ഐ.സി.പിയിലേക്ക് നേരിട്ടോ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ നാമനിർദേശം വഴിയോ അപേക്ഷ സമർപ്പിക്കാമെന്ന് ഐ.സി.പി അറിയിച്ചു.
സുസ്ഥിരതാ മേഖലയിൽ യു.എ.ഇ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ബ്ലൂ വിസ പദ്ധതി. സുസ്ഥിരത ആശയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അംഗീകൃത സർക്കാർ ഏജൻസികൾ സമർപ്പിക്കുന്ന അപേക്ഷകളിൽ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ആദ്യം അംഗീകാരം നൽകുക.
തുടർന്ന് വെബ്സൈറ്റിലെ നടപടികൾ പൂർത്തീകരിച്ചശേഷം വിസ അനുവദിക്കും. നൂതന സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും സുസ്ഥിരത രംഗത്ത് മുൻനിര രാജ്യമെന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്താനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ബ്ലൂ വിസ പദ്ധതി അടിവരയിടുന്നതെന്ന് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് പറഞ്ഞു.
രാജ്യത്തെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും യോഗ്യരായ വ്യക്തികൾക്ക് ബ്ലൂ വിസ സേവനത്തിലേക്ക് 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.