ദുബൈ: പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത വൈകല്യങ്ങളുള്ള നിശ്ചയദാർഢ്യ വിഭാഗം കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ പഠന രീതി അവതരിപ്പിച്ച് യു.എ.ഇ. ‘സ്പീഡി ലാബ്സ്’ എന്ന് വിളിക്കപ്പെടുന്ന നൂതന എഡ്ടെക് പ്ലാറ്റ്ഫോമാണ് പുതിയ പഠനരീതി അവതരിപ്പിച്ചത്.
നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ), അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് നോളജ് (അഡക്), ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) എന്നിവർ ചേർന്ന് പുറത്തിറക്കിയ വിദ്യാഭ്യാസ നിയന്ത്രണ ചട്ടക്കൂടുകൾക്ക് വിധേയമായിട്ടാണ് ഇവ പ്രവർത്തിപ്പിക്കുക. പഠന വൈകല്യങ്ങൾ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, ഓട്ടിസം എന്നിവയുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്നതാണ് എഡ്ടെക് പ്ലാറ്റ്ഫോം.
എ.ഐ (നിർമിത ബുദ്ധി) അധിഷ്ഠിത പരിഹാര മാർഗങ്ങൾ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്ന എഡ്ടെക് പ്ലാറ്റ്ഫോം നിശ്ചയദാർഢ്യ വിഭാഗം കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തൽ, ഇടപെടൽ എന്നിവയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഓൺലൈൻ സ്പെഷൽ എജുക്കേഷൻ സൊല്യൂഷൻ സേവന ദാതാക്കളായ സ്പെഡ്@സ്കൂളുമായി സഹകരിച്ച് ദുബൈ ആസ്ഥാനമായുള്ള എഡ്ടെക് കമ്പനിയായ നോളജ് ഹബ് പദ്ധതി നടപ്പിലാക്കും. അതിനു മുമ്പായി പരീക്ഷണാടിസ്ഥാനത്തിൽ ദുബൈ കാരമ്മൽ സ്കൂൾ, മാപ്പിൾവുഡ് കനേഡിയൻ ഇന്റർനാഷനൽ സ്കൂൾ എന്നീ രണ്ട് സ്കൂളുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
യഥാർഥ ക്ലാസ് റൂം അന്തരീക്ഷത്തിൽ പ്ലാറ്റ്ഫോം എത്രത്തോളം ഫലവത്താകുമെന്നും വിദ്യാർഥികൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവരെ കാര്യക്ഷമമായി പിന്തുണക്കുമോയെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലൂടെ വ്യക്തമാവുമെന്ന് നോളജ് ഹബ് മാനേജിങ് ഡയറക്ടർ സുരേഖ കെംബാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.