ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം

യു.എ.ഇ കൂടുതൽ കരുത്തോടെ മുന്നേറും -ശൈഖ്​ മുഹമ്മദ്​

ദുബൈ: നിലവിലെ വെല്ലുവിളികളെ അതിജീവിച്ച് യു.എ.ഇ കൂടുതൽ കരുത്തോടെ മുന്നേറുമെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. മന്ത്രിസഭാ യോഗത്തിന്​ ശേഷം എക്സ്​ അക്കൗണ്ടിൽ പങ്കുവെച്ച സന്ദേശത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ദേശീയ സ്ഥാപനങ്ങൾ പൂർണ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുവെന്ന്​ പറഞ്ഞ അദ്ദേഹം, രാജ്യത്തെ വിവിധ മേഖലകളുടെ ഏകോപിത പ്രവർത്തനത്തെയും ദേശീയ സ്ഥാപനങ്ങളുടെ കാര്യക്ഷമതയെയും പ്രശംസിച്ചു.

നമ്മുടെ ജനതയിലും എല്ലാ താമസക്കാരിലും നമുക്ക്​ അഭിമാനമുണ്ട്​. യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ നൽകിയ ഉറപ്പനുസരിച്ച് രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കുകയും മുന്നോട്ട് പോകുകയും ചെയ്യും. പ്രതിരോധ സേന ഏറ്റവും മികവോടെയാണ്​ പ്രവർത്തിക്കുന്നത്​. സ്വകാര്യ മേഖല പൂർണ ഉത്തരവാദിത്തത്തോടെ വികസന കാര്യത്തിൽ മുന്നേറുന്നു.

നമ്മുടെ അടിസ്ഥാന മൂല്യങ്ങൾ മാറില്ല. ഈ പ്രതിസന്ധികൾക്ക് ശേഷം കൂടുതൽ ശക്തമായി തിരിച്ചുവരും -അദ്ദേഹം വ്യക്​തമാക്കി. രാജ്യത്തിന്റെ വികസനം ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, പുരോഗമന നിയമവ്യവസ്ഥ, ഉയർന്ന ജീവിത നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള യു.എ.ഇയുടെ ബഹിരാകാശ നയം മന്ത്രിസഭ അംഗീകരിച്ചു. 4400 കോടി ദിർഹം മൂല്യമുള്ള മേഖലയിൽ 170ലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും 30 സാറ്റലൈറ്റുകൾ ഇതിനകം വിക്ഷേപിച്ച യു.എ.ഇ, ചൊവ്വാ ദൗത്യവും വിജയകരമായി നടത്തിയിട്ടുണ്ടെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. വ്യാഴത്തിലേക്കും ആസ്റ്ററോയ്ഡ് ബെൽറ്റിലേക്കും പുതിയ ദൗത്യങ്ങളും പദ്ധതിയിലുണ്ടെന്ന്​ അദ്ദേഹം കൂട്ടി​ച്ചേർത്തു.

പരമ്പരാഗതവും ആധുനികവുമായ ചികിത്സാരീതികൾ സംയോജിപ്പിക്കുന്ന ഇന്റഗ്രേറ്റീവ് മെഡിസിൻ നയത്തിനും യോഗം അംഗീകാരം നൽകി. അതോടൊപ്പം ഊർജം, നിക്ഷേപം, സാമ്പത്തികം, നയതന്ത്രം, മനുഷ്യാവകാശ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ 120ലധികം അന്താരാഷ്ട്ര കരാറുകൾക്കും ധാരണാപത്രങ്ങൾക്കും അംഗീകാരം നൽകി.

Tags:    
News Summary - UAE will move forward with greater strength – Sheikh Mohammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.