ഇന്ത്യയിലെയും യു.എ.ഇയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെക്കുന്നു

യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണ ധാരണ

ദുബൈ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെയും യു.എ.ഇയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണയിലെത്തി. യു.എ.ഇയിലെ ദുബൈ യൂനിവേഴ്സിറ്റി (യു.ഡി), ഇന്ത്യയിലെ ഐ.ഐ.ടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ.ഐ.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയംഭരണ യൂനിവേഴ്സിറ്റികൾ എന്നിവയുൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനായുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചത്. വിദ്യാർഥികളെയും അധ്യാപകരെയും പഠനകാര്യങ്ങൾക്കായി കൈമാറുന്നതിനും ഗവേഷണ സഹകരണത്തിനുമായാണ് കരാർ കൊണ്ട് ഉദ്ദേശിക്കുന്നത്.

ദുബൈ സർവകലാശാല പ്രസിഡന്‍റ് ഡോ. ഈസ ബസ്തകിയും ചീഫ് അക്കാദമിക് ഓഫിസറായ പ്രഫസർ ഹുസൈൻ അൽ അഹ്മദും ഇന്ത്യൻ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കരാറിൽ ഒപ്പുവെച്ചു. ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ്. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി അടക്കമുള്ളവരും സന്നിഹിതരായിരുന്നു.

ഉന്നത വിദ്യാഭ്യാസ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ആദ്യമായാണ് ഇത്തരത്തിൽ പദ്ധതിക്ക് മുൻകൈ എടുക്കുന്നത്.ചരിത്രപരമായ ഈ പങ്കാളിത്തം യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന് ഊർജം പകരുമെന്ന് ഡോ. അമൻ പുരി പറഞ്ഞു. ഇന്ത്യ-യു.എ.ഇ ബന്ധത്തിന്‍റെ സുദീർഘമായ ചരിത്രത്തിലെ മറ്റൊരു കാൽവെപ്പാണിതെന്ന് എം.എ. യൂസുഫലി പറഞ്ഞു.

Tags:    
News Summary - UAE-Indian universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.