ദുബൈ: പതിറ്റാണ്ടുകൾക്ക് മുൻപേ ശൈഖ് സായിദ് സ്വപ്നം കണ്ട പദ്ധതികൾ നടപ്പാക്കി വികസനക്കുതിപ്പ് നടത്തുന്ന യു.എ.ഇ അടുത്ത പത്ത് വർഷം മുന്നിൽ കണ്ട് അടുത്തിടെ പ്രഖ്യാപിച്ചത് രണ്ട് വമ്പൻ പദ്ധതികൾ. ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് ഈ പദ്ധതികൾ യാഥാർഥ്യമാകും എന്നതിന്റെ ഉറപ്പ്.
2040, 2050, 2071, 2117 വർഷങ്ങൾ മുൻപിൽ കണ്ട് പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമെയാണ് അടുത്ത പത്ത് വർഷം നടപ്പാക്കേണ്ട പദ്ധതികൾ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുൻകൂട്ടി പ്രഖ്യാപിച്ചത്. ഇതിന് പുറമെ, ഈ വർഷം മുൻഗണന നൽകേണ്ട അഞ്ച് വിഷയങ്ങളും അദ്ദേഹം നിർദേശിച്ച് കഴിഞ്ഞു.
അടുത്ത പതിറ്റാണ്ടിലേക്കുള്ള വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തി രണ്ട് മാസം മുൻപ് ‘വി ദ യു.എ.ഇ 2031’ എന്ന പേരിൽ വികസന നയം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ, നിയമ, സാമ്പത്തിക മേഖലകളിൽ അടിമുടി വികസനവും മാറ്റങ്ങളും ലക്ഷ്യമിട്ടാണ് നയം പ്രഖ്യാപിച്ചത്. ജി.ഡി.പി ഇരട്ടിയായി വർധിപ്പിക്കുക, പൊതുമേഖലയിലെ തൊഴിൽ വർധിപ്പിക്കു, കോപ് 28 കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക, ഡിജിറ്റൽ വികസനം തുടങ്ങിയവയെല്ലാം ഭാവി പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. ‘വിഷൻ 2021’ പൂർത്തിയായതോടെയാണ് അടുത്ത ദശാബ്ദത്തേക്കുള്ള പദ്ധതിക്ക് തുടക്കമിട്ടത്.
മൊത്ത ആഭ്യന്തര ഉദ്പാദനത്തിൽ (ജി.ഡി.പി) ഇരട്ടി വളർച്ചയാണ് 2031ഓടെ ലക്ഷ്യമിടുന്നത്. നിലവിൽ 1.49 ട്രില്യൺ ദിർഹം എന്ന നിയിൽ നിന്ന് മൂന്ന് ട്രില്യൺ ദിർഹമായി ഉയർത്തുകയാണ് ലക്ഷ്യം. വിനോദ സഞ്ചാരികളുടെ എണ്ണം 40 ദശലക്ഷമായി ഉയരും. ഇതുവഴി 450 ശതകോടി ദിർഹമിന്റെ ജി.ഡി.പി ലഭിക്കും. വ്യവസായ മേഖലയിൽ 300 ശതകോടി ദിർഹമിന്റെ വളർച്ചയാണ് ലക്ഷ്യം. 70 ശതകോടി ദിർഹമിന്റെ വ്യവസായിക നിക്ഷേപവും ഇതിൽ ഉൾപെടുന്നു. പത്ത് വർഷത്തിനുള്ളിൽ എണ്ണ ഇതര കയറ്റുമതിയിൽ 800 ശതകോടി ദിർഹമിന്റെ ഉദ്പാദനമാണ് ലക്ഷ്യം. ശാസ്ത്ര മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടും.
അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുന്നതിലും മികച്ച 10 രാജ്യങ്ങളിലൊന്നാകാനും ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണ വാതകങ്ങളുടെ ഉപയോഗവും കാർബൺ ബഹിർഗമനം കുറക്കലും ലക്ഷ്യമാണ്. അടുത്ത പത്ത് വർഷത്തെ നിയമ മാറ്റങ്ങൾ പോലും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. 2010ലാണ് വിഷൻ 2021 പദ്ധതി പ്രഖ്യാപിച്ചത്. ഇത് പൂർത്തിയായതോടെയാണ് അടുത്ത 10 വർഷത്തെ നയം പ്രഖ്യാപിച്ചത്.
ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബൈയെ ഒരുക്കിയെടുക്കാനുള്ള പദ്ധതിയാണ് ഡി 33. 2033ഓടെ പൂർത്തിയാകുന്ന ദുബൈ സാമ്പത്തിക അജണ്ടയായ ‘ഡി 33’യിൽ നൂറിലധികം സംരംഭങ്ങളിലൂടെ കോടിക്കണക്കിന് ദിർഹം സമ്പദ്വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കാനാണ് ലക്ഷ്യം. ഇതുവഴി സാമ്പത്തിക ശക്തിയിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാകാനുള്ള ഒരുക്കത്തിലാണ് ദുബൈ.
ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള 400 നഗരങ്ങളുമായി പുതിയ വ്യാപാര പാതകൾ തുറക്കും. 30 സ്വകാര്യ കമ്പനികളെ ഒരു ബില്യൻ ഡോളറിന്റെ മൂല്യമുള്ളവയാക്കി വളർത്താനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ഇമാറാത്തിവത്കരണവും ഇതിന്റെ ഭാഗമാണ്. 65,000 ഇമാറാത്തികളെ തൊഴിൽ മേഖലയിൽ എത്തിക്കുകയാണ് ലക്ഷ്യം. പുതിയ സർവകലാശാലകളെ ആകർഷിക്കൽ, ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തൽ, വിദേശ വ്യാപാരം 25 ട്രില്യൺ ദിർഹമായി ഉയർത്തൽ, 700 ബില്യൺ ദിർഹം കവിയുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കൽ, ഡിജിറ്റൽ പദ്ധതികൾ വഴി പ്രതിവർഷം 100 ബില്യൺ ദിർഹം ദുബൈയുടെ സമ്പദ്വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കൽ എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.