ലൈക്കും ഫോളോവേഴ്സും കൂട്ടാൻ നോക്കിയ പ്രവാസി യു.എ.ഇയിൽ കുടുങ്ങി; ഇക്കാര്യങ്ങൾ തെറ്റിച്ചാൽ വിലങ്ങുവീഴും

അബൂദബി: രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെയും ദേശീയ വ്യക്തിത്വത്തെയും അവഹേളിക്കുകയും സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ ശക്തമായ നിയമനടപടിയുമായി യു.എ.ഇ നാഷണൽ മീഡിയ അതോറിറ്റി (എൻ.എം.എ). നിയമലംഘനം നടത്തിയ ഒരു വ്യക്തിയുടെ പബ്ലിസിറ്റി പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

കൂടുതൽ കാഴ്‌ചക്കാരെ നേടുന്നതിനും ഫോളോവേഴ്‌സിനെ കൂട്ടുന്നതിനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് എൻ.എം.എ വ്യക്തമാക്കി. സമൂഹത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതും, ദേശീയ ഐക്യത്തെയും തത്ത്വങ്ങളെയും വ്രണപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.

സോഷ്യൽ മീഡിയയിലെ ചെറിയൊരു കമന്റോ പോസ്റ്റോ പോലും ഗുരുതരമായ നിയമനടപടികളിലേക്ക് നയിക്കാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യു.എ.ഇയിലെ സൈബർ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. പ്രവാസികളാണെങ്കിൽ നാടു കടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

യു.എ.ഇയിലെ മാധ്യമ ബോധവൽക്കരണത്തിന്റെയും സൈബർ സുരക്ഷയുടെയും ഭാഗമായി മീഡിയ റെഗുലേഷൻ ലോ, കംബാറ്റിങ് റൂമേഴ്‌സ് ആൻഡ് സൈബർക്രൈംസ് ലോ എന്നീ രണ്ട് പ്രധാന നിയമങ്ങളാണ് നിലവിലുള്ളത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും, വ്യക്തിഹത്യ നടത്തുന്നതും, ഭരണസംവിധാനത്തെയോ വിദേശബന്ധങ്ങളെയോ തകർക്കുന്ന രീതിയിലുള്ള ഇടപെടലുകളും ഇതിലൂടെ കുറ്റകരമാണ്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

-മതാചാരങ്ങളെയും വിശ്വാസങ്ങളെയും പൂർണമായി ബഹുമാനിക്കുക

സാംസ്കാരിക പൈതൃകവും ദേശീയ ഐക്യവും സംരക്ഷിക്കുക

-വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാതിരിക്കുക

-വ്യക്തിഗത സ്വകാര്യത മാനിച്ച് രാജ്യത്തിന്റെ നിയമങ്ങൾക്ക് അനുസൃതമായി മാത്രം പെരുമാറുക

Tags:    
News Summary - ലൈക്കും ഫോളോവേഴ്സും കൂട്ടാൻ നോക്കിയ പ്രവാസി യു.എ.ഇയിൽ കുടുങ്ങി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.