അബൂദബി: ജറൂസലമിലെ അൽഅഖ്സ പള്ളി മുറ്റത്തേക്ക് ഇരച്ചുകയറി ഇസ്രായേൽ മന്ത്രി നടത്തിയ അക്രമത്തിൽ യു.എ.ഇ ശക്തമായ അപലപിച്ചു. ഇസ്രായേൽ സേനയുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. അൽഅഖ്സ പള്ളിക്ക് പൂർണ സംരക്ഷണം നൽണമെന്നും ഗുരുതരവും പ്രകോപനപരവുമായ അതിക്രമങ്ങൾ തടയുകയും വേണമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും ചരിത്രപരമായ പ്രത്യേകതകളും അനുസരിച്ച് വിശുദ്ധ സ്ഥലങ്ങളുടെ മേലുള്ള ജോർഡന്റെ സംരക്ഷണാവകാശം മാനിക്കപ്പെടണം. ജറൂസലം എൻഡോവ്മെൻറ് അഡ്മിനിസ്ട്രേഷന്റെയും അൽ അഖ്സ മസ്ജിദിന്റെയും അധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല -പ്രസ്താവന ആവശ്യപ്പെട്ടു.
മേഖലയിലെ അസ്ഥിരത സൃഷ്ടിക്കുന്ന പ്രകോപന നീക്കങ്ങൾ കുറക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇസ്രായേൽ അധികൃതരോട് മന്ത്രാലയം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സമാധാനത്തിനായുള്ള എല്ലാ അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങളെയും പിന്തുണക്കേണ്ടതുണ്ടെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം സൃഷ്ടിക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നും കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി 1967ലുണ്ടായിരുന്ന അതിർത്തി പ്രകാരം ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. സൗദി അറേബ്യ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളും പ്രകോപനപരമായ ഇസ്രയേൽ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറാണ് ചൊവ്വാഴ്ച അഖ്സ പള്ളി മുറ്റത്തേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച് പ്രകോപനം സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.