ദുബൈ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പരമാധികാരം സ്ഥാപിക്കാനുള്ള ബില്ലിന് ഇസ്രായേൽ പാർലമെന്റിൽ അംഗീകാരം നൽകിയതിനെ ശക്തമായി അപലപിച്ച് യു.എ.ഇ. ഇസ്രായേൽ നടപടി സംഘർഷം വർധിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാകുമെന്നും, മേഖലയിൽ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യു.എ.ഇ പ്രസ്താവനയിൽ വ്യക്തമാക്കി. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിന്റെ നിയമപരവും ചരിത്രപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ ഏകപക്ഷീയമായ നടപടികളെയും യു.എ.ഇ ശക്തമായി നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമവും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുന്നതിനാൽ വ്യക്തമായി നിരസിക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിനും നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ പിന്തുണക്കുമെന്നും മേഖലയിലെ എല്ലാ ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നിയമപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് പ്രസ്താവന ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.