യു.എ.ഇയിൽ പണമടക്കാൻ മുഖമോ കൈപ്പത്തിയോ കാണിച്ചാൽ മതി; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക്​ തുടക്കമിട്ട്​ യു.എ.ഇ സെൻട്രൽ ബാങ്ക്​

ദുബൈ: കൈപ്പത്തിയോ മുഖമോ കാണിച്ച്​ പണമടക്കാവുന്ന ബയോമെട്രിക്​ പേയ്​മെന്‍റ്​ സംവിധാനത്തിന്​ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട്​ യു.എ.ഇ സെൻട്രൽ ബാങ്ക്​ (സി.ബി.യു.എ.ഇ). ഇതാദ്യമായാണ്​ നൂതന പേയ്​മെന്‍റ്​ സംവിധാനം മിഡിൽ ഈസ്റ്റിൽ അവതരിപ്പിക്കുന്നത്​. പേയ്​മെന്‍റ്​ സ്ഥാപനമായ നെറ്റ്​വർക്ക്​ ഇന്‍റർനാഷനലുമായി കൈകോർത്ത്​ എമിറേറ്റ്​സ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിനാൻസിലെ സാൻഡ്​ ബോക്സ്​ പ്രോഗ്രാം ആൻഡ്​ ഇന്നോവേഷൻ ഹബ്ബിലാണ്​ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടിരിക്കുന്നത്​.

ഡബിറ്റ്​/ക്രഡിറ്റ്​ കാർഡുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ ആവശ്യമില്ലാതെ ഫേഷ്യൽ, പാം ബയോമെട്രിക്സ്​ സംവിധാനം ഉപയോഗിച്ച്​​ ഉപഭോക്​താക്കൾക്ക്​ എളുപ്പത്തിൽ പേയ്​മെന്‍റ്​ നടപടികൾ പൂർത്തീകരിക്കാൻ ഇതുവഴി സാധിക്കും. പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ ദുബൈ സർക്കാർ സ്ഥാപനമായ ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്‍റിൽ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്​. ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് അവരുടെ മുഖമോ കൈപ്പത്തിയോ സ്കാൻ ചെയ്തുകൊണ്ട് ഇടപാടുകൾ പൂർത്തിയാക്കാനാവും. ബയോമെട്രിക്​ ഓതറ്റിക്കേഷൻ സാ​ങ്കേതിക വിദ്യകളിൽ വിദഗ്​ധരായ പോപ്​ഐഡിയുടെ പിൻബലത്തിലാണ്​ നെറ്റ്​വർക്ക്​ ഇന്‍റർനാഷനൽ പുതിയ പേയ്​മെന്‍റ്​ പരിഹാരമാർഗം അവതരിപ്പിക്കുന്നത്​.

യു.എ.ഇയുടെ ഡിജിറ്റൽ നയത്തേയും സുരക്ഷിതവും എല്ലാവരേയും ഉൾകൊള്ളുന്നതും നൂനതവുമായ ദേശീയ പേയ്​മെന്‍റ്​ സംവിധാനത്തിനായുള്ള വിപുലമായ ശ്രമങ്ങളേയും പിന്തുണക്കുന്നതാണ്​ പുതിയ സംരംഭമെന്ന്​ സെൻട്രൽ ബാങ്ക്​ വ്യക്​തമാക്കി. പുതിയ ആശയങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും സി.ബി.യു.എ.യു ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്‍റെ തെളിവാണ്​​ ഇത്തരം സംരംഭങ്ങൾ എന്ന്​ ബാങ്കിങ്​ ഓപറേഷൻസ്​ ആൻഡ്​ സപോർട്ട്​ സർവിസസ്​ അസി. ഗവർണർ സെയ്​ഫ്​ ഹുമൈദ്​ അൽ ദാഹ്​രി പറഞ്ഞു.

കൂടുതൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ പേയ്​മെന്‍റ്​ അനുഭവം ഉപഭോക്​താക്കൾക്ക്​ സമ്മാനിക്കുന്നതിനുള്ള നയപരമായ നടപടികളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പദ്ധതി എപ്പോൾ വിപുലമായി നടപ്പിലാക്കുമെന്നത്​ സംബന്ധിച്ച്​ കേന്ദ്ര ബാങ്ക്​ സൂചന നൽകിയിട്ടില്ല. കൂടുതൽ ഇടങ്ങളിലേക്ക്​ പദ്ധതി വിപുലീകരിക്കുന്നതിന്​ മുമ്പായി വ്യവസ്ഥകൾക്ക്​ വിധേമായി സാ​ങ്കേതിക വിദ്യയുടെ പരീക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ ബാങ്കിന്‍റെ തീരുമാനം.

Tags:    
News Summary - UAE Central Bank launches project to allow people to pay with their face or palm in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.