ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടക്കുന്ന മന്ത്രിസഭ യോഗം
ദുബൈ: ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിനായി യു.എ.ഇ ‘ദേശീയ നിക്ഷേപ ഫണ്ട്’ സംരംഭം സ്ഥാപിക്കുന്നു. ദുബൈ എയർഷോയുടെ ഭാഗമായി ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പ്രാരംഭ ഘട്ടത്തിൽ 3670 കോടി ദിർഹമിന്‍റെ മൂലധനം പദ്ധതിയിൽ നിക്ഷേപിക്കും. ആകർഷകമായ സാമ്പത്തിക പാക്കേജുകൾ വഴി രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. അതുവഴി 2031ഓടെ വാർഷിക എഫ്.ഡി.ഐ നിക്ഷേപം 115 ശതകോടി ദിർഹമിൽ നിന്ന് 240 ശതകോടിയായി വർധിപ്പിക്കും. ഇതേ വർഷം തന്നെ മൊത്തം നീക്കിയിരിപ്പ് 800 ശതകോടിയിൽ 2.2 ലക്ഷം കോടി ദിർഹമായി ഉയർത്തും.
115 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളേയും ഒന്നര ലക്ഷത്തിലധികം വിദഗ്ധരേയും ഉൾകൊള്ളുന്ന പ്രദർശനത്തിന് യു.എ.ഇ സർക്കാർ പിന്തുണ നൽകുന്നുണ്ട്. വ്യോമ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ രാജ്യത്തിന്‍റെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതിന് എക്സിബിഷൻ മികച്ച സംഭാവന ചെയ്യുന്നതായും ശൈഖ് മുഹമ്മദ് എക്സിലുടെ അറിയിച്ചു. മന്ത്രിസഭ അജണ്ടയുടെ ഭാഗമായി നാഷനൽ ഇൻവെസ്റ്റ് ഫണ്ട് സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ‘ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് നൽകാനുള്ള ഞങ്ങളുടെ സന്ദേശം ഇതാണ്. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപത്തിന് മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനൊപ്പം നിങ്ങളുടെ വളർച്ചക്കും ഭാവി വിജയത്തിനും പിന്തുണ നൽകുകയും ചെയ്യും’.- ശൈഖ് മുഹമ്മദ് കുറിച്ചു.
ദേശീയ വ്യവസായ നയം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പുരോഗതിയും മന്ത്രിസഭ യോഗം അവലോകനം ചെയ്തു. വ്യവസായ മേഖലയിൽ രാജ്യത്തിന്‍റെ നിക്ഷേപം 110 ശതകോടി ദിർഹം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 224 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. വ്യവസായ കയറ്റുമതി 197 ശതകോടിയിലെത്തി. യു.എ.ഇയുടെ ജി.ഡി.പിയിൽ 210 ശതകോടി ദിർഹമിന്‍റെ സംഭാവനയാണ് വ്യവസായ മേഖല നൽകുന്നത്. 2031ഓടെ ഇത് 300 ശതകോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്കിടയിൽ ദേശീയ അസ്തിത്വം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 70ലധികം സംരംഭങ്ങൾ ഉൾപ്പെടുന്ന ദേശീയ അസ്തിത്വ നയത്തിനും കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.