കോവിഡിനു ശേഷമുള്ള തൊഴിൽ വിപണിയുടെ തിരിച്ചുവരവിൽ ആഗോളതലത്തിൽ മികച്ച നേട്ടം കൈവരിച്ച് യു.എ.ഇ

ദുബൈ: കോവിഡിനു ശേഷമുള്ള തൊഴിൽ വിപണിയുടെ തിരിച്ചുവരവിൽ ആഗോളതലത്തിൽതന്നെ മികച്ച നേട്ടം കൈവരിച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ. വിദേശകാര്യ വ്യാപാര മന്ത്രാലയവുമായി സഹകരിച്ച് ലിങ്ക്ഡ്ഇൻ തയാറാക്കിയ ‘യു.എ.ഇ ഇക്കണോമിക് ഗ്രാഫ് റിപ്പോർട്ട് 2026’ലാണ് ഈ വിവരങ്ങൾ. 2025ൽ ലോകത്തിലെ മുൻനിര വിപണികളെ അപേക്ഷിച്ച് ശക്തമായ തൊഴിൽ വളർച്ച യു.എ.ഇ നേടി. 2026ന്‍റെ തുടക്കത്തിൽ മേഖലയിലുണ്ടായ താത്കാലിക നിശ്ചലാവസ്ഥക്ക് ശേഷം, ജൂൺ മാസത്തോടെ തൊഴിൽ രംഗം വീണ്ടും ശക്തമായ വളർച്ചയിലേക്ക് തിരിച്ചെത്തുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

രാജ്യാന്തരരംഗത്തെ പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള യു.എ.ഇ വിദേശകാര്യ വ്യാപാര മന്ത്രാലയത്തിന്റെ നയങ്ങൾ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയും മത്സരശേഷിയും വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് 2019ന് ശേഷം ഏറ്റവും ഉയർന്ന തൊഴിൽ വളർച്ച രേഖപ്പെടുത്തിയത്. എജുക്കേഷൻ, കൺസ്ട്രക്ഷൻ, ഹെൽത്ത് കെയർ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളും ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ച കൈവരിച്ചു. പ്രൊഫഷനൽ സർവിസസ്, മാനുഫാക്ചറിങ്, ഹോസ്പിറ്റാലിറ്റി എന്നിവയാണ് ലിങ്ക്ഡ്ഇൻ കണക്കുകൾ പ്രകാരം മുൻനിരയിലുള്ള മറ്റു പ്രധാന മേഖലകൾ.

സാങ്കേതികവിദ്യയിലും ഡിജിറ്റൽ മികവിലും യു.എ.ഇ ആഗോളതലത്തിൽ വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഫിൻടെക് കഴിവുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ജനസംഖ്യാനുപാതികമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) പ്രതിഭകളെ ആകർഷിക്കുന്നതിൽ രണ്ടാം സ്ഥാനത്തും യു.എ.ഇ എത്തി. രാജ്യത്തെ തൊഴിൽ ശക്തിയിൽ ഭൂരിഭാഗവും മില്ലെനിയലുകളും ജെൻ സിയും ആണ്. ഇത് രാജ്യത്തിന്‍റെ നവീകരണ ശേഷിക്കും പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ സ്വീകരിക്കുന്നതിനും വളരെയധികം സഹായകമാകുന്നുണ്ട്.

തൊഴിൽ രംഗത്തെ വനിതാ ശാക്തീകരണത്തിലും മികച്ച പുരോഗതിയുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേതൃസ്ഥാനങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം 2015ലെ 18.8 ശതമാനത്തിൽ നിന്ന് 2025ഓടെ 21.9 ശതമാനമായി ഉയർന്നു. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം എന്നീ മേഖലകളിലാണ് കൂടുതൽ വനിതകളുള്ളത്. ഭാവി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും കഴിവുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുമുള്ള യു.എ.ഇയുടെ കൃത്യമായ കാഴ്ചപ്പാടിന്‍റെ തെളിവാണ് ഈ കണക്കുകൾ.

Tags:    
News Summary - കോവിഡിനു ശേഷമുള്ള തൊഴിൽ വിപണിയുടെ തിരിച്ചുവരവിൽ ആഗോളതലത്തിൽ മികച്ച നേട്ടം കൈവരിച്ച് യു.എ.ഇ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.