മാജിദ് അൽ ഫാർസി
ദുബൈ: സ്കൈ ന്യൂസ് അറേബ്യയിലെ പ്രമുഖ എമിറാത്തി രാഷ്ട്രീയ വാർത്താ അവതാരകനായ മാജിദ് അൽ ഫാർസി സമൂഹ മാധ്യമങ്ങളിലെ വൈറൽ താരമാണിപ്പോൾ. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരാമർശമാണ് മജീദ് അൽ ഫാർസിയെ താരമാക്കിയത്.
ഉച്ചകോടിക്കിടെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ്മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പങ്കെടുത്ത വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. ചോദ്യം ചോദിക്കാനായി അനുവാദം ചോദിച്ച മാജിദ് അൽ ഫാർസിയുടെ രൂപഭംഗിയെ പുകഴ്ത്തിക്കൊണ്ട് ട്രംപ് നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
വാർത്താ സമ്മേളനത്തിനിടയിൽ മാജിദ് അൽ ഫാർസി ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോൾ, ട്രംപ് പെട്ടെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദിന് നേരെ തിരിഞ്ഞ്, ‘എന്തൊരു നല്ല ലുക്കുള്ള വ്യക്തി, ഇദ്ദേഹം നിങ്ങളുടെ നാട്ടുകാരനാണോ?’ എന്ന് ചോദിച്ചു. ‘അതേ’ എന്ന് ശൈഖ് മുഹമ്മദ് മറുപടിയും നൽകി. ‘ഇദ്ദേഹത്തിന് എത്ര നല്ല പെരുമാറ്റമാണ്. എന്‍റെ ആളുകളൊക്കെ വളരെ ക്രൂരന്മാരാണ്’ എന്ന് അമേരിക്കൻ മാധ്യമപ്രവർത്തകരെ പരിഹസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ‘ഇവനെ കണ്ടില്ലേ, നല്ല സുന്ദരനായ ചെറുപ്പക്കാരൻ, ഇയാളെ വേണമെങ്കിൽ ഇപ്പോൾ തന്നെ നമുക്ക് സിനിമയിലെടുക്കാം’ എന്ന് മാജിദിനെ നോക്കി, ട്രംപ് തമാശയായി പറഞ്ഞു.
യു.എ.ഇയും അമേരിക്കയും തമ്മിലുള്ള ബന്ധം ‘മികച്ചതാണ്’ എന്ന് വിശേഷിപ്പിച്ച കൂടിക്കാഴ്ചക്കിടയിലാണ് രസകരമായ സംഭവങ്ങൾ ഉണ്ടായത്. വാർത്താ സമ്മേളനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. 2012 ഏപ്രിൽ മുതൽ സ്കൈ ന്യൂസ് അറേബ്യ ജോലി ചെയ്തുവരികയാണ് മാജിദ് അൽ ഫാർസി. ജി7 ഉച്ചകോടി റിപ്പോർട്ട് ചെയ്യാനായാണ് അദ്ദേഹം ഫ്രാൻസിലെത്തിയത്.
ഹയർ കോളേജസ് ഓഫ് ടെക്നോളജിയിൽ നിന്ന് അപ്ലൈഡ് മീഡിയയിൽ ബിരുദം നേടിയ ശേഷം ‘ഉലൂം അൽ ദാർ’ വാർത്താ ബുള്ളറ്റിനിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് യു.എസിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽനിന്ന് കൾച്ചർ ആൻഡ് ക്രിയേറ്റീവ് ബിസിനസിൽ ബിരുദാനന്തര ബിരുദം നേടി. നിലവിൽ സ്കൈ ന്യൂസ് അറേബ്യയിൽ വാർത്തകൾക്ക് പുറമെ ‘അൽ മസാ’ എന്ന സായാഹ്ന പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.