വാഹനത്തിൽ ഉയർത്തിയ ഏറ്റവും വലിയതെന്ന് ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച പതാക
ദുബൈ: യു.എ.ഇ പതാകയുടെ ആകൃതിയിലുള്ള 429.977 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബാനറിന് ഗിന്നസ് ലോക റെക്കോർഡ്. ഒരു വാഹനത്തിൽ ഉയർത്തിയ ഏറ്റവും വലിയ ബാനർ എന്ന നിലയിലാണ് ഇത് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. അഹമ്മദ് ഹസ്സൻ അൽ ഷെഹിയും യഹിയ സയീദ് ലൂത്തയും ചേർന്നാണ് 2026 ഏപ്രിൽ 23ന് ദുബൈയിൽ വാഹനത്തിൽ ഘടിപ്പിച്ച തൂണിൽ വമ്പൻ ബാനർ ഉയർത്തി, ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്.
മേഖലയിലെ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണമാണ് യു.എ.ഇയോടുള്ള ആദരവ് അടയാളപ്പെടുത്തുന്നതിലേക്കും അതുവഴി ഗിന്നസ് വേൾഡ് റെക്കോർഡിലേക്കും നയിച്ചതെന്ന് അൽ ഷെഹി ഗൾഫ് ന്യൂസിനോട് പറഞ്ഞു. ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങളിലുള്ള ഭീമൻ ബാനർ, സഞ്ചരിക്കുന്ന വാഹനത്തിനൊപ്പം ദുബൈ പാതകളിൽ ഉയർന്നുപറന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജൂൺ അഞ്ചിനാണ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
ഏകദേശം 30 മീറ്റർ നീളവും 15 മീറ്റർ ഉയരവുമുള്ള പ്രത്യേക ഫ്ലാഗ്‌പോൾ ഘടിപ്പിച്ച ‘ഇന്‍റർനാഷനൽ എം.എക്‌സ്.ടി ട്രക്കാണ് പതാക ഉയർത്തുന്നതിനായി ഉപയോഗിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു വലിയ വെല്ലുവിളി. തുറന്ന സ്ഥലവും അനുകൂലമായ സാഹചര്യങ്ങളും ഉള്ളതിനാൽ സ്കൈഡൈവ് ദുബൈയിലെ റൺവേ ഏരിയയാണ് തെരഞ്ഞെടുത്തത്.
ഒമ്പത് ഗിന്നസ് റെക്കോഡ്
ഗിന്നസ് വേൾഡ് റെക്കോഡുകൾ സ്വന്തമാക്കുന്നത് ഹരമാക്കിയ അൽ ഷെഹിക്ക് പുതിയ നേട്ടത്തോടെ ആകെ ഗിന്നസ് റെക്കോർഡുകളുടെ എണ്ണം ഒമ്പതായി ഉയർന്നു. 38 കാരനായ ഈ ഇമാറാത്തി പൗരൻ യു.എ.ഇയിലെ ആദ്യത്തെ ജെറ്റ് സ്യൂട്ട് പൈലറ്റും സ്കൈഡൈവിങ്, വിങ് സ്യൂട്ട് ഫ്ലൈയിങ് എന്നിവയിൽ മികവുള്ളയാളുമാണ്. വ്യോമ കായിക വിനോദങ്ങളുമായി ബന്ധപ്പെട്ടാണ് എട്ട് ഗിന്നസ് റെക്കോർഡുകളും. 2021ൽ ദുബൈയിൽ ഹൈആൾട്ടിറ്റ്യൂഡ് സ്കൈഡൈവിങ്ങിലൂടെയാണ് റെക്കോർഡുകളുമായുള്ള ചങ്ങാത്തത്തിന് തുടക്കമായത്. ചിത്രീകരണങ്ങൾക്കും പ്രൊഡക്ഷൻ പ്രൊജക്റ്റുകൾക്കുമായി ബുർജ് ഖലീഫയിൽ നിന്ന് അദ്ദേഹം 16 തവണ ചാടിയിട്ടുണ്ട്. 2025ൽ, പരമ്പരാഗത ഇമാറാത്തി വസ്ത്രമായ ‘കന്തൂറ’ ധരിച്ച് ബുർജ് ഖലീഫയിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ നിന്ന് അദ്ദേഹം ബേസ് ജമ്പ് പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.