അബൂദബി: കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മക്കളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഉത്തരവിട്ട് കോടതി. കുട്ടികളെ വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പിതാവ് തന്റെ മുന്‍ഭാര്യക്കെതിരെ സ്വീകരിച്ച നിയമനടപടിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. അതേസമയം, പണം സമ്പാദിക്കുന്ന പരസ്യങ്ങള്‍ മാത്രമല്ല, സാധാരണയായി പങ്കുവെക്കുന്ന ചിത്രങ്ങള്‍ പോലും കുട്ടികളുടെ സ്വകാര്യതയെയും ക്ഷേമത്തെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ രണ്ട് രക്ഷിതാക്കളും പരാജയപ്പെട്ടതായും കോടതി അഭിപ്രായപ്പെട്ടു. കുട്ടികളുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും അവരുടെ താൽപര്യങ്ങള്‍ക്ക് ദോഷം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യാനും കോടതി രണ്ടുപേര്‍ക്കും നിര്‍ദേശം നല്‍കി. കുട്ടികളെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അവരുടെ സ്വകാര്യതയും അന്തസും ഉറപ്പുനല്‍കുകയും ചെയ്യുന്ന യു.എ.ഇയിലെ കുട്ടികളുടെ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതം പരസ്യമാക്കുന്നതിനോ സ്ഥിരമായി ഇന്റര്‍നെറ്റില്‍ തിരയാവുന്ന രീതിയില്‍ സൂക്ഷിക്കുന്നതിനോ ഉള്ള സമ്മതം നല്‍കാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ പിരിയുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ ഒരാള്‍ക്ക് മാത്രമായി അവകാശമില്ലെന്നും കേസില്‍ പിതാവിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, ഇത് യു.എ.ഇ നിയമത്തിലെ പൊതുവായ ഭേദഗതിയോ പുതിയ നിയമനിർമാണമോ അല്ലെന്നും, നിലവിലുള്ള ശിശുക്ഷേമ തത്വങ്ങള്‍ മുന്‍നിര്‍ത്തി ഈ പ്രത്യേക കുടുംബ തര്‍ക്കത്തില്‍ കോടതി എടുത്ത തീരുമാനമാണെന്നും മാതാവിനെ പ്രതിനിധീകരിച്ച അഭിഭാഷകയും ചൂണ്ടിക്കാട്ടി. കുട്ടികളുടെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട കേസ് അബൂദബി സിവില്‍ ഫാമിലി കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.